തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായി വ്യക്തമാക്കുന്ന കിഫ്ബി ബോർഡ് യോഗത്തിന്റെ രേഖകൾ പുറത്തുവന്നു. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്ന് പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടതായാണ് രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
മുൻ ഫിനാൻസ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി കണ്ണൂരിലെ ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കണ്ണൂരിൽ ഒരേക്കറിന് 2.5 കോടി രൂപയും പാലക്കാട്ട് ഒരേക്കറിന് ഒരു കോടി രൂപയും നിശ്ചയിച്ചത് കിൻഫ്രയാണെന്നാണ് പുറത്തുവന്ന വിവരം. ഉയർന്ന വിലയ്ക്ക് ഭൂമി ഏറ്റെടുത്തതിലെ ദുരൂഹതയും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂർ ജില്ലയിലെ കല്ല്യാട്, പടിയൂർ വില്ലേജുകളിലായി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം ചെയ്ത 700 ഏക്കറിലധികം ഭൂമിയുടെ ഉടമകൾ എട്ടുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനും കൃഷി ചെയ്യാനും പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനും നിയന്ത്രണങ്ങളുണ്ടെന്നാണ് ഉടമകളുടെ പരാതി. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറല്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് അവരുടെ ആവശ്യം.

