നല്ലതും മോശവുമായ സ്പർശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; അധ്യാപകർക്ക് പരിശീലനം നൽകണം, സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പർശങ്ങളെക്കുറിച്ചും (Good Touch and Bad Touch) കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സ്കൂളുകളിലെ ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹെൽപ്‌ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. കുട്ടികൾ തങ്ങൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചോ ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചോ പരാതിപ്പെട്ടാൽ ഉചിതമായ രീതിയിൽ പ്രതികരിക്കാനും നടപടിയെടുക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ചൂഷണങ്ങൾ തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരന്തരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് സൗജന്യ കൗൺസിലിങ്, മാനസിക പിന്തുണ, കൃത്യമായ ചികിത്സ എന്നിവ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട് 2024-ൽ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവേ ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന നിർദേശങ്ങൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *