യാത്രയ്ക്കിടെ ആകാശത്ത് എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു; ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

കൊല്‍ക്കത്ത: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിത ദാരുണമായി മരിച്ചു. അപകടത്തെത്തുടര്‍ന്ന് എയര്‍ ആംബുലന്‍സ് ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ആംബുലന്‍സാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഞായറാഴ്ച അപകടത്തില്‍പ്പെട്ടതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്‌.

വിമാനത്തിലുണ്ടായിരുന്ന 56 വയസ്സുകാരിയായ അഞ്ജന ഭൗമിക് എന്ന രോഗിയെ ഉടന്‍ തന്നെ കുര്‍മിറ്റോള മള്‍ട്ടികെയര്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ എന്നിവരടക്കം ഏഴു പേരാണ് എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ആറുപേരും സുരക്ഷിതരാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *