ബ്രിസ്ബേൻ: ഒക്ടോബർ മാസമെത്തിയതോടെ ബ്രിസ്ബേന്‍ സമീപമുള്ള ഗുഡ്ന നീലവാകപ്പൂക്കളുടെ (ജക്കറാണ്ട) വസന്തമൊരുക്കി കാഴ്ചക്കാരുടെ മനംകവരുന്നു. ബ്രിസ്ബേൻ ടെറസ്, ജോർജ്ജ് സ്ട്രീറ്റ്, ഇവാൻ മാർഗിൻസൺ പാർക്ക് എന്നിവിടങ്ങളിലെ 90 വർഷത്തോളം പഴക്കമുള്ള ജക്കറാണ്ട മരങ്ങളാണ് ഇപ്പോൾ പൂർണ്ണമായും പൂത്തുലഞ്ഞു നിൽക്കുന്നത്. വഴികളിലുടനീളം കണ്ണെത്താദൂരത്തോളം നീലയും വയലറ്റും ഇടകലർന്ന പൂങ്കുടകൾ തുരങ്കം തീർത്തതുപോലെയുള്ള കാഴ്ചയാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്.

ഒക്ടോബർ 11-ഓടെ തന്നെ മരങ്ങൾ നിറയെ പൂവിട്ട് പ്രദേശം പൂർണ്ണ വർണ്ണപ്പൊലിമയിലായിക്കഴിഞ്ഞു. തിരക്കൊഴിഞ്ഞ് പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ നേരത്തെ എത്തിച്ചേരാവുന്നതാണെന്നും, ശാന്തമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ഇവാൻ മാർഗിൻസൺ പാർക്ക് അനുയോജ്യമായ പിക്നിക് സ്പോട്ടാണെന്നും സന്ദർശകർ പങ്കുവെക്കുന്നു.
ഈ വർഷത്തെ ഗുഡ്ന ജക്കറാണ്ട ഫെസ്റ്റിവൽ ഒക്ടോബർ 23, 24 തീയതികളിലായി നടക്കും. ഗുഡ്ന ബ്രിസ്ബേൻ ടെറസ്, ഇവാൻ മാർഗിൻസൺ പാർക്ക് (Evan Marginson Park, Goodna, QLD 4300) എന്നിവിടങ്ങളാണ് പ്രധാന വേദികൾ.

