വ്യാജ പെപ്റ്റൈഡുകൾ കരിഞ്ചന്തയിൽ; എൻഎസ്ഡബ്ല്യുവിൽ അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചത് ആയിരത്തിലധികം പേരെ, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ

സിഡ്നി: ശരീരഭാരം കുറയ്ക്കാനും പേശീവളർച്ചയ്ക്കും പ്രായമാകുന്നത് തടയാനും പരിക്കുകൾ വേഗത്തിൽ ഭേദമാക്കാനും സഹായിക്കുമെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയും കരിഞ്ചന്തയിലൂടെയും വിറ്റഴിക്കുന്ന വ്യാജ പെപ്റ്റൈഡുകൾ ഉപയോഗിച്ച് അത്യാഹിത വിഭാഗങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ മാത്രം 1,180 പേരാണ് പെപ്റ്റൈഡ് ഉപയോഗത്തെത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തിയത്. 2025 ജൂലൈയിൽ വെറും അഞ്ച് കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ മാസം മാത്രം അത് 217 ആയി കുതിച്ചുയർന്നു. ചികിത്സ തേടിയെത്തിയവരിൽ 18 ശതമാനത്തോളം പേരെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ച് കിടത്തിച്ചികിത്സ നൽകേണ്ടി വന്നു.

ഓസ്‌ട്രേലിയയിൽ ഉപയോഗിക്കാൻ യാതൊരുവിധ അനുമതിയുമില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതാണ് ഈ പെട്ടെന്നുള്ള വർധനവിന് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ലൈസൻസില്ലാത്ത വിദേശ വെബ്‌സൈറ്റുകൾ, അനധികൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എന്നിവ വഴിയാണ് ഇവ വിറ്റഴിക്കുന്നത്. അടിയന്തര ചികിത്സ തേടിയെത്തിയവരിൽ പുരുഷന്മാരും സ്ത്രീകളും ഏതാണ്ട് തുല്യ അനുപാതത്തിലാണെങ്കിലും 51 ശതമാനവും പുരുഷന്മാരാണ്.

ചികിത്സ തേടിയെത്തിയവരിൽ 25 ശതമാനം പേരും 16 മുതൽ 24 വയസ്സ് വരെയുള്ള കൗമാരക്കാരും യുവാക്കളുമാണെന്നത് അതീവ ഗൗരവകരമായ കാര്യമാണെന്ന് പ്രമുഖ മനോരോഗ വിദഗ്ദ്ധൻ ഡോ. കീരൻ കെന്നഡി വ്യക്തമാക്കി. കടുത്ത ഛർദ്ദി, നിർജ്ജലീകരണം, തലകറക്കം എന്നിവയ്ക്ക് പുറമെ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ലിവർ ടോക്സിസിറ്റി വരെ പലരിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പെപ്റ്റൈഡുകൾ ഭൂരിഭാഗവും കുത്തിവെപ്പിലൂടെയാണ് ശരീരത്തിലെത്തിക്കുന്നത്. എന്നാൽ ഇവ കൃത്യമായ മാനദണ്ഡങ്ങളില്ലാതെ നിർമ്മിക്കുന്നതായതിനാൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണമെന്ന യാതൊരു മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകാറില്ല. അണുവിമുക്തമല്ലാത്ത രീതിയിലുള്ള കുത്തിവെപ്പും, ലേബലിൽ പറയുന്ന ഗുണനിലവാരമില്ലാത്ത ദ്രാവകങ്ങളും രക്തത്തിലും ചർമ്മത്തിലും ഗുരുതരമായ അണുബാധയ്ക്ക് വഴിവെക്കുന്നു. ചിലയിടങ്ങളിൽ ഇവ പൊടി രൂപത്തിൽ നൽകി വീടുകളിൽ വെച്ച് വെള്ളത്തിലോ മറ്റ് ദ്രാവകങ്ങളിലോ കലക്കി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതും വലിയ അപകടമാണ് ഉണ്ടാക്കുന്നത്.

ഇത്തരം അനധികൃത മരുന്നുകളുടെ ഉപയോഗം സംസ്ഥാനത്തെ അത്യാഹിത വിഭാഗങ്ങൾക്ക് താങ്ങാനാവാത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്ന് എൻഎസ്ഡബ്ല്യു ആരോഗ്യ മന്ത്രി റയാൻ പാർക്ക് ആശങ്ക പ്രകടിപ്പിച്ചു. ആകർഷകമായ പ്രൊഫഷണൽ പാക്കേജിംഗിൽ ലഭ്യമാകുന്നു എന്നത് കൊണ്ട് ഒരു ഉൽപ്പന്നവും സുരക്ഷിതമാകണമെന്നില്ലെന്നും, ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *