സ്കൂട്ടർ അപകടത്തിൽപ്പെട്ടപ്പോൾ സീറ്റിനടിയിൽ പുള്ളിമാൻതോൽ; രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പുള്ളിമാന്റെ തോൽ കൈവശം വെച്ച കേസിൽ രണ്ട് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് അധികൃതർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുവരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അപകടത്തിന്റെ ആഘാതത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകിത്തെറിക്കുകയും, അടിയിൽ ഒളിപ്പിച്ചിരുന്ന പുള്ളിമാൻതോൽ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്യാനും വിവരങ്ങൾ തിരക്കാനും ശ്രമിച്ചതോടെ ഗോകുൽ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുള്ളിമാൻതോലും സ്കൂട്ടറും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുനടത്തിയ തിരച്ചിലിൽ ഗോകുലിനെ പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചതിൽ സ്കൂട്ടറിന്റെ ഉടമ അനന്തുവാണെന്ന് വ്യക്തമായതോടെ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു വീട്ടിൽ താമസിച്ചിരുന്നവർ ഒഴിഞ്ഞുപോയ സമയത്ത് അവിടെനിന്ന് മോഷ്ടിച്ചെടുത്തതാണ് പുള്ളിമാൻതോൽ എന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. തുടർന്ന് ഇത് വിൽക്കാനോ കൈമാറാനോ ആയി സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യം വനംവകുപ്പ് പരിശോധിച്ചുവരികയാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിബിൻ ചന്ദ്രൻ വി.യുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ്, ലിജോമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു, രാജു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *