ശാന്തൻപാറ: പാംബ്ല ഡാമിന് സമീപം വനമേഖലയിൽ തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയെ (18) കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരൻ രാജകുമാരി ബി ഡിവിഷൻ അംബേദ്കർ ഉന്നതി സ്വദേശി നിഖിൽ സതീഷിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കടത്താനും പെട്രോളൊഴിച്ച് കത്തിക്കാനും നിഖിൽ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിൽനിന്ന് വിളിച്ചുവരുത്തിയ പെൺകുട്ടിയുമായി നിഷാന്ത് സംസാരിക്കുകയും തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ബൈക്കിലിരുത്തി അരമനപ്പാറയിലെ ഏലത്തോട്ടത്തിലെത്തിക്കുകയുമായിരുന്നു. അവിടെവെച്ച് കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മുഖത്ത് കല്ലുകൊണ്ട് ശക്തമായി ഇടിച്ചു.
കൃത്യത്തിന് ശേഷം നിഷാന്ത് വിളിച്ചുവരുത്തിയതിനെ തുടർന്ന് ഓട്ടോയുമായെത്തിയ നിഖിൽ, മൃതദേഹം ഒളിപ്പിക്കാൻ സഹായിക്കുകയായിരുന്നു. ഇരുവരും ചേർന്ന് മൃതദേഹം തുണി ഉപയോഗിച്ച് മൂടി ഓട്ടോയിൽ കയറ്റി കൊണ്ടുപോയി. ചതുപ്പിലോ വെള്ളക്കെട്ടിലോ ഉപേക്ഷിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പാംബ്ല വനമേഖലയിലെത്തിക്കുകയായിരുന്നു. സമീപത്തെ തോട്ടപ്പുരയിൽനിന്ന് പെട്രോൾ സംഘടിപ്പിച്ചാണ് മൃതദേഹത്തിന് തീയിട്ടത്.
കൃത്യം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നായിരുന്നു നിഷാന്തിന്റെ ആദ്യമൊഴിയെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സഹോദരന്റെ പങ്ക് പുറത്തുവന്നത്. പാംബ്ല ഡാമിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിനും ചെക്ക്പോസ്റ്റിനും പിന്നിലെ വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, നഖത്തിലെ പ്രത്യേക അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി നിഷാന്തിനെ തെളിവെടുപ്പിന് ശേഷം റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

