വിക്ടോറിയ: ഓഫീസിന് മുന്നിൽ വെച്ചുണ്ടായ ക്രൂരമായ വാഹനാക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട ഇൻഡിപെൻഡന്റ് പാർലമെന്റ് അംഗം ഡോ. ഹെലൻ ഹെയ്ൻസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലുടനീളം മെഴുകുതിരി തെളിയിച്ച് പ്രാർഥനാ സംഗമങ്ങൾ സംഘടിപ്പിച്ചു. മെൽബണിലെ ദി ആൽഫ്രഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഹെലൻ ഹെയ്ൻസ് നിലവിൽ അതീവ ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വാങ്കരട്ടയിലെ ഇലക്ടറേറ്റ് ഓഫീസിന് പുറത്തുവെച്ചാണ് ഫോർ-വീൽ ഡ്രൈവ് വാഹനം ഡോ. ഹെലനെ രണ്ട് തവണ ഇടിച്ചു വീഴ്ത്തിയത്. സംഭവസ്ഥലത്തു വെച്ചുതന്നെ പ്രദേശവാസിയായ ബ്രെൻഡൻ ന്യൂജന്റ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ കോടതി റിമാൻഡിലാണ്. രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രാർഥനാ സംഗമത്തിന്റെ ഭാഗമായി റൂറൽ സിറ്റി ഓഫ് വാങ്കരട്ട തങ്ങളുടെ ടൗൺ ബീക്കൺ ആംബർ (മഞ്ഞ കലർന്ന ഓറഞ്ച്) നിറത്തിലുള്ള പ്രകാശത്താൽ അലങ്കരിച്ചു.
ഈ ലളിതമായ പ്രവൃത്തി തങ്ങളുടെ സമൂഹത്തിന്റെ കാരുണ്യത്തെയും ഐക്യത്തെയും അക്രമത്തോടുള്ള ശക്തമായ വിയോജിപ്പിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വാങ്കരട്ട വക്താവ് വ്യക്തമാക്കി. ഹെലനും കുടുംബത്തിനും അവരുടെ ടീമിനും ഒപ്പമാണ് തങ്ങളുടെ പ്രാർഥനകളെന്നും ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനേക്കാൾ ഒന്നിപ്പിക്കുന്ന ഘടകങ്ങൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി മെഴുകുതിരികൾ തെളിയിച്ച് ഹെലൻ ഹെയ്ൻസിന് രോഗശാന്തി നേർന്നു.

