ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ (SIR) പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പോലീസ് തടയുകയും നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
‘പീപ്പിൾസ് എഗെയിൻസ്റ്റ് എസ്ഐആർ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭായ് വീർ സിങ് മാർഗിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപം റോഡിലിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ നീക്കി.
സിപിഎം, സിപിഐ, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, സംയുക്ത കിസാൻ മോർച്ച, വിവിധ കർഷകത്തൊഴിലാളി യൂണിയനുകൾ, വനിതാ സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ മാർച്ചിൽ പങ്കെടുത്തു. വൃന്ദ കാരാട്ട്, വിജയ് കൃഷ്ണൻ, വി. ശിവദാസൻ എംപി, ആനി രാജ, പി. സന്തോഷ് കുമാർ എംപി, യോഗേന്ദ്ര യാദവ് തുടങ്ങിയവരും പ്രതിഷേധത്തിൽ അണിനിരന്നു.
വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ വോട്ടർമാരുടെ പേരുകൾ അന്യായമായി നീക്കം ചെയ്യപ്പെടുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നും എസ്ഐആർ നിർത്തിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ രാജ്യത്തെ 88 നഗരങ്ങളിലായി 145 സംഘടനകളെ ഏകോപിപ്പിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് ‘പീപ്പിൾസ് എഗെയിൻസ്റ്റ് എസ്ഐആർ’ അറിയിച്ചിട്ടുണ്ട്.

