ടിബറ്റിൽ ശക്തമായ ഭൂചലനം; 16 മരണം, 76 പേർക്ക് പരിക്ക്

ബെയ്ജിങ്: ചൈനയുടെ അധീനതയിലുള്ള ടിബറ്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ 16 പേർ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 76 ആയി ഉയർന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. വടക്കൻ ടിബറ്റിലെ നാഗ്ചു നഗരത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മുന്നൂറിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് 12,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും തുടരുകയാണ്. തകർന്നതും വിള്ളലുകൾ വീണതുമായ കെട്ടിടങ്ങൾ തുടർചലനങ്ങളിൽ നിലംപൊത്താനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപം രക്ഷാപ്രവർത്തനങ്ങൾക്കായി 300ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

2024 ജനുവരിക്കുശേഷം ചൈനയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *