ഇറ്റലിയിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കുന്നു; സുരക്ഷാ നിയമങ്ങൾ ശക്തമാക്കി മെലോണി സർക്കാർ

റോം: രാജ്യത്ത് പ്രതിഷേധങ്ങൾക്കിടെ അക്രമവും കൊള്ളയും വർധിച്ച സാഹചര്യത്തിൽ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ. അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകി. പൊതുമുതൽ നശിപ്പിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്.

ഒക്ടോബർ 17, 18 തീയതികളിൽ മിലാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരേ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. കടകൾ കൊള്ളയടിക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ടൂറിനിലും ബൊളോഞ്ഞയിലും സമാനമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മിലാനിൽ അധികമായി 500 സൈനികരെ വിന്യസിക്കാനും സർക്കാർ തീരുമാനിച്ചു.

പുതിയ ഉത്തരവുപ്രകാരം, അഞ്ചോ അതിലധികമോ പേർ ഉൾപ്പെടുന്ന സംഘത്തിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ കല്ലുകൾ, വടികൾ, പടക്കങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് അക്രമാസക്തമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവും 20,000 യൂറോ വരെ പിഴയും ലഭിക്കാം. മുഖം മറച്ചുള്ള അക്രമം, മറ്റുള്ളവർക്ക് പരിക്കേൽപ്പിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ ശിക്ഷ വർധിക്കും.

പ്രതിഷേധത്തിനിടെ പൊതുമുതലിനോ സ്വകാര്യസ്വത്തിനോ നാശനഷ്ടമുണ്ടാക്കിയാൽ ഉത്തരവാദികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. പ്രായപൂർത്തിയാകാത്തവർ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് അവരുടെ രക്ഷിതാക്കളെയും സാമ്പത്തികമായി ഉത്തരവാദികളാക്കാം. 14 മുതൽ 18 വയസ്സുവരെയുള്ളവരെ സംബന്ധിച്ച ക്രിമിനൽ ഉത്തരവാദിത്വ വ്യവസ്ഥകളിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തുന്ന പ്രായപൂർത്തിയാകാത്തവരെ ചില സാഹചര്യങ്ങളിൽ മുൻകരുതൽ തടങ്കലിൽ വയ്ക്കാനും പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.

അക്രമം തടയുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് മെലോണി വ്യക്തമാക്കി. അതേസമയം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അക്രമത്തെ ചെറുക്കുന്നതിന്റെ പേരിൽ ജനങ്ങളുടെ പ്രതിഷേധസ്വരം അടിച്ചമർത്തരുതെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

പുതിയ ഉത്തരവ് നിയമമാക്കുന്നതിന് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഉത്തരവ് പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ പാർലമെന്റ് ഇത് നിയമമാക്കുകയോ ആവശ്യമായ ഭേദഗതികൾ വരുത്തുകയോ വേണം.

Leave a Reply

Your email address will not be published. Required fields are marked *