ഇസ്രയേലിലേക്കുള്ള വിമാനത്തിലെ ആക്രമണം; ഇന്ത്യൻ പൈലറ്റിനും ജീവനക്കാർക്കും യുഎഇയുടെ പരമോന്നത ബഹുമതി

ദുബായ്: ഇസ്രയേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിനിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ധീരമായി ഇടപെട്ട ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛാറിനും വിമാനത്തിലെ മറ്റ് ജീവനക്കാർക്കും യുഎഇയുടെ പരമോന്നത ബഹുമതി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഏർപ്പെടുത്തിയ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II ആണ് ഇവർക്ക് ലഭിച്ചത്.

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം FZ1073-ൽ സെപ്റ്റംബർ 30നായിരുന്നു സംഭവം. വിമാനത്തിന്റെ സഹപൈലറ്റ് കോക്പിറ്റിൽവച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛാറിനെ ആക്രമിച്ചതിനെ തുടർന്ന് ഗുരുതരമായ അടിയന്തര സാഹചര്യമുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റന് കഴിഞ്ഞു. ഇതോടെ ക്യാബിൻ ജീവനക്കാരും യാത്രക്കാരും കോക്പിറ്റിലെത്തി ആക്രമിയെ കീഴടക്കാൻ സഹായിച്ചു.

തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനം നിയന്ത്രണത്തിലാക്കി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടു.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ജീവനക്കാർക്ക് ബഹുമതി സമ്മാനിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിമാനത്തെ സുരക്ഷിതമാക്കാനും ജീവനക്കാർ കാട്ടിയ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും യുഎഇ നേതൃത്വം അഭിനന്ദിച്ചു.

പരിക്കേറ്റ ക്യാപ്റ്റൻ മച്ച്ഛാറിനെ ഒക്ടോബർ മൂന്നിന് ഷെയ്ഖ് ഹംദാൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മനുഷ്യജീവന്റെ സംരക്ഷണത്തിനും ഉത്തരവാദിത്തബോധത്തിനും ക്യാപ്റ്റൻ കാട്ടിയ ധീരതയെ അദ്ദേഹം പ്രശംസിച്ചു.

സംഭവത്തെക്കുറിച്ച് യുഎഇ അധികൃതർ അന്വേഷണം തുടരുകയാണ്. വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ക്യാപ്റ്റനും ജീവനക്കാരും യാത്രക്കാരും നടത്തിയ ഇടപെടലുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *