സിഡ്നി: സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിനിടെ തനിക്ക് പരിക്കേറ്റതായി കള്ളം പറഞ്ഞ് സാമ്പത്തിക നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 46-കാരനായ ഇന്ത്യൻ പൗരനെ ന്യൂ സൗത്ത് വെയിൽസ് പോലീസ് അറസ്റ്റ് ചെയ്തു. സിമെക്സ്വെൽ സിറിൽ എന്നയാളെയാണ് സാമ്പത്തിക നേട്ടത്തിനായി വ്യാജ രേഖകളും തെറ്റായ വിവരങ്ങളും നൽകിയതിനും പോലീസ് അന്വേഷണം വഴിതിരിച്ചുവിട്ടതിനും കുറ്റം ചുമത്തി പാരമാറ്റ പോലീസ് സ്റ്റേഷനിൽ വെച്ച് ഹോമിസൈഡ് സ്ക്വാഡ് ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനിടെ തനിക്ക് വെടിയുണ്ടയുടെ ചില്ല് തറച്ചുകയറി പരിക്കേറ്റുവെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ വിശദമായ പോലീസ് അന്വേഷണത്തിൽ വെടിവെപ്പ് നടന്ന സമയത്ത് ഇയാൾ ബോണ്ടി ബീച്ചിൽ ഉണ്ടായിരുന്നില്ലെന്നും യാതൊരു പരിക്കുകളും ഏറ്റിട്ടില്ലെന്നും വ്യക്തമായി. ആക്രമണത്തിൽ ഇരയായവർക്ക് എൻ.എസ്.ഡബ്ല്യു സർക്കാർ പ്രഖ്യാപിച്ച 35,000 ഓസ്ട്രേലിയൻ ഡോളറിന്റെ ഒറ്റത്തവണ ധനസഹായം തട്ടിയെടുക്കാനായിരുന്നു ഇയാളുടെ നീക്കം.
പാരമാറ്റ ലോക്കൽ കോടതിയിൽ നവംബർ 18-ന് ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇയാൾക്ക് കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, വിസ കാലാവധി കഴിഞ്ഞിട്ടും ഓസ്ട്രേലിയയിൽ അനധികൃതമായി തങ്ങുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വില്ലാവുഡ് ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയ സിമെക്സ്വെൽ സിറിലിനെതിരെയുള്ള ക്രിമിനൽ കേസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

