സിഡ്നി: പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും നയങ്ങൾക്കുമെതിരെ രാഷ്ട്രീയ പോർമുഖം കടുപ്പിച്ച് ഓസ്ട്രേലിയയിലെ യാഥാസ്ഥിതിക പ്രതിപക്ഷ പക്ഷം. റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പുകളും റിപ്പോര്‍ട്ടുകളും ആധാരമാക്കിയാണ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുന്നത്. സർക്കാരിന്റെ തെറ്റായ സാമ്പത്തിക മുൻഗണനകൾ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
ക്ഷേമപദ്ധതികളുടെ പേരിൽ ഖജനാവിൽ നിന്ന് അനിയന്ത്രിതമായി പണം ഒഴുക്കുന്നതും യാഥാർഥ്യബോധമില്ലാത്ത നയസമീപനങ്ങളുമാണ് പണപ്പെരുപ്പം പിടിവിട്ടുയരാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലർ തുറന്നടിച്ചു. ഇത്തരം നടപടികൾ വികസന മുരടിപ്പിനും പലിശനിരക്കുകൾ കുത്തനെ ഉയരുന്നതിനും ഇടയാക്കി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജീവിതച്ചെലവ് താങ്ങാനാവാതെ നട്ടംതിരിയുന്ന സാധാരണക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്നും ആഞ്ഞടിച്ചു.
പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് നിരന്തരം പലിശനിരക്കുകൾ ഉയർത്തുന്നതും ദൈനംദിന ജീവിതച്ചെലവുകൾ സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങാത്ത നിലയിലെത്തിയതും വരുംദിവസങ്ങളിൽ പാർലമെന്റിലും പൊതുവേദികളിലും പ്രധാന ആയുധമാക്കാനാണ് സഖ്യകക്ഷി പ്രതിപക്ഷത്തിന്റെ നീക്കം. ആൽബനീസി ഭരണകൂടത്തിനെതിരായ ജനരോഷം ആളിക്കത്തിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഇതോടെ ഓസ്ട്രേലിയൻ രാഷ്ട്രീയ മണ്ഡലത്തിൽ തുടക്കമായിക്കഴിഞ്ഞു

