ഗ തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊല്ലം ചടയമംഗലം സ്വദേശി സാജന്റെ പരാതിയിലാണ് നടപടി. പ്രാഥമിക പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (KSTP) ഭാഗമായി എം.സി. റോഡ് വികസനത്തിന് കരാറെടുത്തിരുന്ന മലേഷ്യൻ കമ്പനിയായ പതി–ബെൽ കൺസോർഷ്യവുമായി ബന്ധപ്പെട്ടതാണ് ആരോപണം. അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ, പൂർത്തിയാക്കിയ ജോലികളുടെ ബില്ലുകൾ അനുവദിക്കുന്നതിന് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് സാജന്റെ പരാതി.
ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ എൻജിനീയർമാർ അംഗീകരിച്ചിട്ടും ഗ്യാനേഷ് കുമാർ ചെക്കുകൾ തടഞ്ഞുവെച്ചെന്നാണ് ആരോപണം. ഇതുമൂലം കമ്പനിക്കും കരാറുകാർക്കും തൊഴിലാളികൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടായി. കമ്പനിയുടെ പ്രോജക്ട് എൻജിനീയറായിരുന്ന മലേഷ്യൻ പൗരൻ ലീ സീ ബീൻ ഇക്കാര്യം തന്നോട് പറഞ്ഞതായും സാജൻ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2006ൽ ലീ സീ ബീൻ മലേഷ്യയിൽ ജീവനൊടുക്കിയിരുന്നു. ബില്ലുകൾ അനുവദിക്കുന്നതിലെ കാലതാമസവും കൈക്കൂലി ആവശ്യപ്പെട്ടതായുള്ള സമ്മർദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സാജന്റെ മറ്റൊരു ആരോപണം. ലീയുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പങ്ക് പരാമർശിച്ചിരുന്നതായും കുടുംബാംഗങ്ങൾ ഇക്കാര്യം കമ്പനിയിലെ ജീവനക്കാരെ അറിയിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ലീയുടെ കുടുംബാംഗങ്ങളെയും മുൻ കമ്പനി ജീവനക്കാരെയും സാക്ഷികളായി ഹാജരാക്കാമെന്നും പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, 2006ൽ ലീയുടെ മരണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് അഴിമതി ആരോപണങ്ങൾ തെളിയിക്കാനാകാത്തതിനെത്തുടർന്ന് അന്വേഷണം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിൽ ഒക്ടോബർ നാലിന് ആഭ്യന്തരവകുപ്പ് നേരത്തേയും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുതിയ പരാതിയും നിലവിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായി പരിശോധിക്കും.

