ചെന്നൈ: ചെന്നൈക്ക് സമീപം തൊഴിലാളികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സർക്കാർ ബസുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ദാരുണമായി മരിച്ചു. അപകടത്തിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഓൾഡ് മഹാബലിപുരം റോഡിലാണ് അപകടമുണ്ടായത്.
തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്ന പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് റോഡിൽ മറിഞ്ഞ വാഹനം എതിരെ വരികയായിരുന്ന തമിഴ്‌നാട് സർക്കാർ ബസുമായി ശക്തമായി ഇടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

