ജറുസലേം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണത്തിന് പ്രതിപക്ഷ യാഷർ (Yashar) പാർട്ടി നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടികളുടെ സഖ്യം. ഇതോടെ നിലവിലെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ മറികടന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ സജീവമായി.
120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമായിരിക്കെ, 67 എം.പിമാരുടെ പിന്തുണയാണ് ഐസൻകോട്ട് ഉറപ്പാക്കിയിട്ടുള്ളത്. അതേസമയം, പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ആവശ്യമായ ഭൂരിപക്ഷം സമാഹരിക്കാനായിട്ടില്ല.
സർക്കാർ രൂപീകരണത്തിനുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുമായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നടത്തുന്ന ഔദ്യോഗിക ചർച്ചകൾ പൂർത്തിയായി വരികയാണ്. ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനുള്ള ആദ്യ ക്ഷണം പ്രസിഡന്റിൽ നിന്ന് ഗാഡി ഐസൻകോട്ടിന് ലഭിക്കാനാണ് സാധ്യത.

