വൈദ്യുതി വാങ്ങൽ; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. വൈദ്യുതി വാങ്ങലിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫയലുകളിലെ രേഖകൾ നിരത്തി വിശദമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

ഹിമാചൽ കരാറിലെ നിരക്ക്: ആരോപണം തെറ്റ്

ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.50 രൂപയ്ക്ക് നൽകിയ ഓഫർ പിന്നീട് 12.50 രൂപയായി കുറച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2026 ഒക്ടോബർ 29-ന് മുൻ കെ.എസ്.ഇ.ബി ചെയർമാൻ നൽകിയ നോട്ടിൽ, ഹിമാചൽ പ്രദേശ് അതോറിറ്റി രേഖാമൂലം അംഗീകരിക്കാതെ 12.50 രൂപ നിരക്ക് ഉറപ്പായതായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബിക്ക് പോലും ലഭിക്കാത്ത ഇത്തരമൊരു പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്നും അത് പുറത്തുവിടാൻ അദ്ദേഹം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പി.ടി.സി എന്ന ഇടനിലക്കാർ വഴിയാണ് ഹിമാചൽ കരാറെന്നും, അവരുടെ മാർജിൻ ഉൾപ്പെടുത്തിയാണ് 14.50 രൂപ നിശ്ചയിച്ചതെന്നും പ്രതിപക്ഷ നേതാവ് സൗകര്യപൂർവ്വം മറച്ചുവെക്കുകയാണ്. മാത്രമല്ല, ഹിമാചലിന്റെ അടിയന്തര ആവശ്യപ്രകാരം രാജസ്ഥാൻ റെഗുലേറ്ററി കമ്മിഷൻ 15.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ ഒക്ടോബർ 18-ന് തന്നെ അനുമതി നൽകിയിരുന്നു. രാജസ്ഥാന് ഉയർന്ന നിരക്കിൽ നൽകുന്ന വൈദ്യുതി എങ്ങനെയാണ് കേരളത്തിന് 12.50 രൂപയ്ക്ക് ലഭിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജി.എൻ.എ വഴി വൈദ്യുതി വാങ്ങിയത് മുൻ സർക്കാരിന്റെ കാലത്തും

ജി.എൻ.എ ഉൽപാദന കമ്പനിയല്ലെന്ന് ഇപ്പോൾ വാദിക്കുന്ന പിണറായി വിജയൻ, മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. നോട്ടെഴുതി നൽകിയവർ പ്രതിപക്ഷ നേതാവിനെ നാണം കെടുത്താനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സർക്കാർ ജി.എൻ.എ വഴി വാങ്ങിയ വൈദ്യുതിയുടെ കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമ ക്ഷാമമെന്ന വാദം അടിസ്ഥാനരഹിതം

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. മഴക്കുറവും എൽ നിനോ പ്രതിഭാസവും മൂലം കടുത്ത പ്രതിസന്ധിയുണ്ടെന്നും, കാലതാമസം വരുത്തിയാൽ സംസ്ഥാനത്ത് നീണ്ട പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നും കെ.എസ്.ഇ.ബി ചെയർമാന്റെ ഫയലിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്തംബറിൽ പവർകട്ട് നേരിടേണ്ടി വന്ന സംസ്ഥാനം, ഒക്ടോബറിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്. ഓപ്പൺ ടെൻഡർ വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്ന് അറിയിച്ച് കെ.എസ്.ഇ.ബി തന്നെയാണ് അടിയന്തര തീരുമാനത്തിനായി ഫയൽ സമർപ്പിച്ചത്.

മത്സരാധിഷ്ഠിത മാർഗ്ഗങ്ങൾ വഴി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ഡീപ്പ് (DEEP) പോർട്ടലിലൂടെ ആറ് ടെൻഡറുകൾ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിരുന്നില്ല. പൊതുവിപണിയിലെ നിരക്കുകൾ ചൂണ്ടിക്കാട്ടി ജി.എൻ.എയെ എതിർക്കുന്ന പ്രതിപക്ഷ നേതാവ്, എന്തുകൊണ്ടാണ് അതിലും ഉയർന്ന നിരക്കിലുള്ള ഹിമാചൽ കരാറിനായി വാദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന താല്പര്യം മുൻനിർത്തിയുള്ള തീരുമാനം

സംസ്ഥാനത്തിന് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള നോൺ-സോളാർ, പീക്ക് സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന മുൻഗണനയിലാണ് സർക്കാർ തീരുമാനമെടുത്തത്. ഹിമാചൽ കരാറിനേക്കാൾ 385 മില്യൺ യൂണിറ്റ് വൈദ്യുതി നോൺ-സോളാർ സമയങ്ങളിൽ ജി.എൻ.എയിൽ നിന്ന് ലഭിക്കും. പീക്ക് സമയങ്ങളിൽ ഹിമാചൽ നൽകുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി നൽകാൻ ജി.എൻ.എയ്ക്ക് കഴിയും. പകൽ സമയത്ത് ലഭിക്കുന്ന അധിക വൈദ്യുതി വേനൽക്കാലത്തേക്ക് ജലവൈദ്യുതി സംഭരിച്ചു നിർത്താൻ സഹായകമാകും.

ഫയലുകളിൽ മുഖ്യമന്ത്രി അനാവശ്യമായി ഇടപെട്ടുവെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി: “വൈദ്യുതി മന്ത്രിയുടെ പരിഗണനയ്ക്ക് ശേഷമാണ് ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി അയച്ചത്. ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഏത് പേപ്പറിലും കണ്ണടച്ച് ഒപ്പിടാനല്ല ജനങ്ങൾ ഈ സർക്കാരിനെ തിരഞ്ഞെടുത്തത്. സാമ്പത്തിക ബാധ്യതയും ജനഹിതവും പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കൂ.”

25 വർഷത്തേക്ക് 4.29 രൂപ നിരക്കിൽ മുൻ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ദീർഘകാല കരാർ റദ്ദാക്കി, പിന്നീട് ഉയർന്ന നിരക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഒത്താശ ചെയ്ത ചരിത്രമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അത്തരത്തിലുള്ള ഒരു ജനദ്രോഹ നടപടിയും ഈ സർക്കാരിൽ നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *