ജിജിമോന് കുഴിവേലില്
മെൽബൺ: വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഗർഭച്ഛിദ്രം പൂർണ്ണമായും സൗജന്യമാക്കുമെന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപനങ്ങൾക്കെതിരെ വിക്ടോറിയൻ പാർലമെന്റിന് മുന്നിൽ വൻ പ്രതിഷേധ റാലി നടന്നു. ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശവും ക്രൈസ്തവ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പ്രോ-ലൈഫ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പതിനായിരക്കണക്കിന് വിശ്വാസികളും സാംസ്കാരിക പ്രവർത്തകരുമാണ് പങ്കെടുത്തത്.

വിക്ടോറിയയിലെ സിറോ മലബാർ, ക്നാനായ കത്തോലിക്കാ സഭാ സമൂഹങ്ങൾ, അഗാപ്പെ ഇന്റർനാഷണൽ കാത്തലിക് മിഷൻ, നഴ്സസ് മിനിസ്ട്രി എന്നിവയുൾപ്പെടെയുള്ള പ്രമുഖ കത്തോലിക്കാ പ്രസ്ഥാനങ്ങളും വിശ്വാസി സമൂഹവും റാലിയിൽ സജീവമായി അണിനിരന്നു. ഗർഭധാരണം മുതൽ ജനനം വരെയുള്ള മനുഷ്യജീവന്റെ പരിശുദ്ധി സംരക്ഷിക്കപ്പെടണമെന്നും, രാഷ്ട്രീയ ലാഭങ്ങൾക്കായി നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ ബലികൊടുക്കുന്ന നയങ്ങൾ സർക്കാർ തിരുത്തണമെന്നും പ്രതിഷേധക്കാർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
“വിക്ടോറിയയുടെ നാണക്കേട് അവസാനിപ്പിക്കുക, ജനനം വരെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് തടയുക” (Stop Victoria’s Shame – Babies Killed Until Birth!) തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും ജീവന്റെ പ്രതീകമായി വെളുത്ത ബലൂണുകളും കൈകളിലേന്തിയാണ് റാലിയിൽ പങ്കെടുത്തവർ പാർലമെന്റ് പടിക്കലേക്ക് മാർച്ച് ചെയ്തത്. അകാലത്തിലുള്ള ഗർഭച്ഛിദ്രങ്ങൾ നിയമവിധേയമാക്കുന്നതിലൂടെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സംസ്കാരത്തിന് തടയിടണമെന്നും, ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെയുള്ള നികുതിപ്പണം ജീവൻ എടുക്കുന്നതിനല്ല, മറിച്ച് ജീവൻ സംരക്ഷിക്കുന്നതിനാണ് വിനിയോഗിക്കേണ്ടതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി രൂപീകരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ക്രൈസ്തവ മനസ്സാക്ഷി ഉണരണമെന്ന് റാലിയെ അഭിസംബോധന ചെയ്ത സഭാ നേതാക്കളും പ്രതിനിധികളും ഓർമ്മിപ്പിച്ചു. ആരോഗ്യപ്രവർത്തകരും കുടുംബങ്ങളും യുവജനങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റാലി, ജീവന്റെ മൂല്യം മറന്നുള്ള രാഷ്ട്രീയ വാഗ്ദാനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി.


