ഇസ്ലാമാബാദ്: ജയിലിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തെ ഉന്നത നീതിപീഠങ്ങൾക്ക് തുറന്ന കത്തയച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ജീവനോടെ തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം കത്തിൽ നൽകി. ഭാര്യ ബുഷ്റ ബീബിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താൻ സുപ്രീംകോടതി, ഫെഡറൽ ഭരണഘടനാ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാരെ അഭിസംബോധന ചെയ്താണ് കത്ത്. അഭിഭാഷകൻ സൽമാൻ സഫ്ദറാണ് നവംബർ 16ന് കത്ത് സാമൂഹികമാധ്യമമായ എക്സിലൂടെ പുറത്തുവിട്ടത്. നവംബർ 11ന് അഡിയാല ജയിലിൽ ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ലഭിച്ച നിർദേശങ്ങളുടെയും കുറിപ്പുകളുടെയും അടിസ്ഥാനത്തിലാണ് കത്ത് തയ്യാറാക്കിയതെന്ന് അഭിഭാഷകൻ അറിയിച്ചു.
74 വയസ്സുള്ള താൻ 2025 ഡിസംബർ 20 മുതൽ ദിവസവും 22 മണിക്കൂർ വരെ ഏകാന്ത തടവിലാണെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം. കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്നതും പുസ്തകങ്ങളും ടെലിവിഷനും ലഭ്യമാക്കാത്തതും മാനസികാരോഗ്യത്തെ ബാധിച്ചതായി അദ്ദേഹം കത്തിൽ പറയുന്നു. രക്തസമ്മർദം നിയന്ത്രണാതീതമായി ഉയരുന്നുണ്ടെന്നും മസ്തിഷ്ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം ആരോപിച്ചു. നവംബർ 10ന് രക്തസമ്മർദം 192, 193 വരെ ഉയർന്നതായും കത്തിൽ പറയുന്നു.
കാഴ്ചശക്തി സംബന്ധിച്ച പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. വലതുകണ്ണിലെ കാഴ്ചയുടെ 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് ഇമ്രാൻ ഖാന്റെ അവകാശവാദം. ഓഗസ്റ്റ് 18ന് സുപ്രീംകോടതി ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധന നടത്താൻ ഉത്തരവിട്ടിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പകരം സർക്കാർ നിയന്ത്രണത്തിലുള്ള പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) എത്തിച്ച് പരിശോധനയ്ക്കുശേഷം ജയിലിലേക്ക് തിരിച്ചയച്ചതായും കത്തിൽ പറയുന്നു.
ഭാര്യ ബുഷ്റ ബീബിയുടെ ആരോഗ്യനിലയെക്കുറിച്ചും ഇമ്രാൻ ഖാൻ ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിലിൽ റെറ്റിന വേർപെടുന്ന രോഗാവസ്ഥയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും തുടർചികിത്സ ലഭിക്കുന്നില്ലെന്നാണ് ആരോപണം. വീണ്ടും ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കാഴ്ച പൂർണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭാര്യയെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും ചികിത്സാ രേഖകൾ ലഭ്യമാക്കുന്നില്ലെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം, ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നാണ് പാക് സർക്കാർ വൃത്തങ്ങളുടെ നിലപാട്. കഴിഞ്ഞ ആഴ്ച കണ്ണിന്റെ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നതായും ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധനയിൽ വ്യക്തമായതായും അധികൃതർ അറിയിച്ചു. പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരിയും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം തള്ളി.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ബുഷ്റ ബീബിയും അഴിമതിക്കേസിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇരുവർക്കും കോടതി ഉത്തരവുകൾക്കനുസരിച്ച് മതിയായ ചികിത്സയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഉറപ്പാക്കണമെന്നാണ് ഇമ്രാൻ ഖാന്റെ പ്രധാന ആവശ്യം. ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

