ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന നാൽപ്പത്തിയഞ്ചാമത് രാജ്യാന്തര വ്യാപാര മേളയിൽ (ഐ.ഐ.ടി.എഫ്) കേരളത്തിന്റെ തനത് വനവിഭവങ്ങളുമായി അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ നിന്നുള്ള ശുദ്ധമായ വനവിഭവങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുന്ന ഈ സംരംഭം മേളയിലെ കേരള പവലിയനിൽ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
പൂർണമായും അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി കർഷകർ മാത്രം ഓഹരിയുടമകളായുള്ള കമ്പനിയാണിത്. വാഴച്ചാൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലെ മണ്ണാൻ, മലയൻ, കാടർ, ഉള്ളാടർ, മുതുവാൻ എന്നീ ആദിവാസി സമൂഹങ്ങൾ തലമുറകളായി കൈമാറിവന്ന പരമ്പരാഗത രീതികളിലൂടെ ശേഖരിക്കുന്ന വനവിഭവങ്ങളാണ് ‘അതിരപ്പിള്ളി’ എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്നത്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി ആദിവാസി ജനവിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രവർത്തനം. റെയ്ൻഫോറസ്റ്റ് അലയൻസ് സർട്ടിഫിക്കേഷൻ ലഭ്യമായ ഇന്ത്യയിലെ ഏക ട്രൈബൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി കൂടിയാണ് അതിരപ്പിള്ളിയുടേത്.
കാപ്പിപ്പൊടി, കാട്ടുതേൻ, കുരുമുളക്, ഏലയ്ക്ക, മഞ്ഞക്കൂവപ്പൊടി, തെള്ളി, കാട്ടുകുടംപുളി തുടങ്ങി കാടിന്റെ പരിശുദ്ധി ഒട്ടും ചോരാത്ത ഉൽപ്പന്നങ്ങളാണ് ‘അതിരപ്പിള്ളി’ മേളയിൽ എത്തിച്ചിട്ടുള്ളത്. മികച്ച പ്രതികരണമാണ് ഈ ഉൽപ്പന്നങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ കാപ്പിപ്പൊടികളിൽ നിന്ന് വ്യത്യസ്തമായ അതിരപ്പിള്ളിയുടെ തനത് റോബസ്റ്റ കോഫിക്കാണ് ആവശ്യക്കാരേറെയും. വിദേശ ബ്രാൻഡുകളോട് കിടപിടിക്കുന്ന ഗുണനിലവാരമാണ് ഈ വനവിഭവത്തിനെന്ന് മേളയിലെത്തിയ ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കമ്പനിയുടെ വെബ്സൈറ്റ് വഴിയും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും ദേശവ്യാപകമായി ലഭിച്ച നിരവധി സ്ഥിരം ഉപഭോക്താക്കളെ നേരിട്ടു കാണാൻ മേളയിലൂടെ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് സ്റ്റാളിലെ കമ്പനി പ്രതിനിധി വ്യക്തമാക്കി. മികച്ച രീതിയിലുള്ള പായ്ക്കിങ്ങും ബ്രാൻഡിങ്ങും ഉറപ്പാക്കാൻ കമ്പനിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. കാടിന്റെ തനിമയുള്ള പരമ്പരാഗത ഉൽപ്പന്നങ്ങളെ ആധുനിക വിപണന സാധ്യതകളുമായി വിജയകരമായി ഇഴചേർക്കാൻ സാധിച്ചിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒ ഫാത്തിമ ജസ്ന പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ഈ മൂല്യവർധിത ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണിയിലേക്ക് എത്തിക്കാനും ഐ.ഐ.ടി.എഫിലെ ഈ സജീവ സാന്നിധ്യം കരുത്തേകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

