ശബരിമല തീർത്ഥാടകർക്കായി കൊച്ചി വിമാനത്താവളത്തിൽ വിപുലമായ ഇടത്താവളം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നെടുമ്പാശ്ശേരി: ശബരിമല തീർത്ഥാടനത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് യാത്രയും വിശ്രമവും സുഗമമാക്കാൻ വിപുലമായ സൗകര്യങ്ങളൊരുക്കി സിയാൽ. 3000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടത്താവളവും അനുബന്ധ സേവനങ്ങളും മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

ഇടത്താവളത്തിന്റെ 80 ശതമാനവും ശീതീകരിച്ച ഹാളാണ്. തീർത്ഥാടകർക്ക് വിശ്രമിക്കാനും ശബരിമലയിലേക്കുള്ള തുടർയാത്രയ്ക്കാവശ്യമായ ക്രമീകരണങ്ങൾ നടത്താനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റർ സർവീസ്, കെ.എസ്.ആർ.ടി.സി സർവീസ്, ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ, പ്രീപെയ്ഡ് ടാക്സി ബുക്കിങ്, വിശ്രമകേന്ദ്രം, വെജിറ്റേറിയൻ റെസ്റ്റോറന്റ് എന്നിവയും ഇടത്താവളത്തോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പഭക്തർക്ക് വിമാനത്താവളത്തിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തുടരുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തീർത്ഥാടകരുടെ സൗകര്യാർത്ഥം വിമാനത്താവളത്തിൽ നിന്നുള്ള ഇന്റർകണക്ടിവിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ വിപുലമായ സൗകര്യങ്ങൾ ഈ സീസണിൽ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള പ്രധാന തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ തീർത്ഥാടനകാലം അവസാനിച്ചാലുടൻ ദീർഘകാല അടിസ്ഥാനത്തിലുള്ള വികസനപദ്ധതികളുടെ നടപടികൾ ആരംഭിക്കും. ശബരിമലയിലും തീർത്ഥാടകർ സഞ്ചരിക്കുന്ന പാതകളിലും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കേരളത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ള തീർത്ഥാടന ടൂറിസം ശൃംഖല വികസിപ്പിക്കാനും പദ്ധതിയുണ്ട്.

സിയാലിനെ ഏഷ്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിക്കാനാവശ്യമായ സൗകര്യങ്ങളോടെ ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള വികസനത്തിന്റെ പ്രയോജനം സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്നും പ്രാദേശിക ജനങ്ങളുടെ ജീവിതത്തിലും ഗുണപരമായ മാറ്റമുണ്ടാകുമ്പോഴാണ് വികസനം അർത്ഥവത്താകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *