അയ്യപ്പസംഗമം രജിസ്‌ട്രേഷന്‍ അയ്യായിരത്തോളം, പാസ് കിട്ടുക മുവായിരത്തിനു മാത്രം

പമ്പ: അയ്യപ്പസംഗമം നടത്തുന്നതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കാനിരിക്കെ പങ്കെടുക്കാനുള്ള ഡെലിഗേറ്റുകളുടെ സ്‌ക്രീനിങ് നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ട്. നിലവില്‍ അയ്യായിരത്തോളം പേരുടെ രജിസ്‌ട്രേഷനാണ് ഓണ്‍ലൈനില്‍ നടന്നിരിക്കുന്നത്. എന്നാല്‍ മൂവായിരം പേര്‍ക്ക് മാത്രം ഇരിക്കുന്നതിനു സൗകര്യമുള്ള പന്തലും മറ്റുമാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാലാണ് സ്‌ക്രീനിങ് നടത്തി ഡെലിഗേറ്റുകളുടെ എണ്ണം മൂവായിരമാക്കി മാറ്റുന്നതിനുള്ള നടപടികളിലേക്ക് ബോര്‍ഡ് കടന്നിരിക്കുന്നത്. ഏതേതു കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്‌കീനിങ് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഗമം നടത്താന്‍ തീരുമാനിച്ചപ്പോള്‍ വച്ചിരിക്കുന്ന നിബന്ധനകളില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഉണ്ടയിരുന്നത്. ഒന്നാമതായി ശബരിമല അയ്യപ്പനില്‍ വിശ്വസിക്കുന്ന ആളായിരിക്കണമെന്നതും രണ്ടാമതായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്നു വര്‍ഷമെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കണമെന്നതും. ഇതു രണ്ടും ശരിയായി വരുന്നവര്‍ മാത്രമാണ് ഓണ്‍ലൈനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാലാണ് പുതിയ മാനദണ്ഡങ്ങള്‍ ഇനിയും ഏര്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വരാത്തത്.
സ്‌ക്രീനിങ് കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാളെ മുതല്‍ പങ്കെടുക്കുന്നതിനുള്ള പാസുകള്‍ നല്‍കിത്തുടങ്ങാനാണ് തീരുമാനം. ഇതില്‍ തന്നെ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുകയുമാണ്. അതു കൂടിയാകുമ്പോള്‍ കേരളത്തില്‍ നിന്ന് എത്ര അംഗങ്ങള്‍ക്കു പങ്കെടുക്കാന്‍ സാധിക്കുമെന്നതിലും സന്ദേഹം ബാക്കിയാണ്.
ഇതിലും പ്രധാനമാകുക നാളെ സുപ്രീംകോടതി സ്വീകരിക്കാന്‍ പോകുന്ന നിലപാടാണ്. അയ്യപ്പവിശ്വാസി എന്നു പറഞ്ഞു തന്നെയാണ് പി എസ് മഹേന്ദ്രകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ തടസഹര്‍ജിയുമായി ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ എത്തിയിട്ടുണ്ട്. അഥവാ സുപ്രീംകോടതിയുടെ തീരുമാനം എതിരായി വരികയാണെങ്കില്‍ ബോര്‍ഡിനു മറ്റു വഴികള്‍ നോക്കേണ്ടതായി വരും. രണ്ടു കോടിയോളം രൂപയാണ് ബോര്‍ഡില്‍ നിന്നും ഇതുവരെ സംഗമത്തിനായി ചെലവാക്കിയിരിക്കുന്നതെന്നറിയുന്നു. 38500 ചതുരശ്രഅടിയില്‍ പൂര്‍ണമായും ശീതീകരിച്ച പന്തല്‍ നിര്‍മിക്കുന്നതിനാണ് ഇതില്‍ കൂടിയ തുകയും ചെലവാക്കിയിരിക്കുന്നത്.