ശബരിമല: സന്നിധാനത്ത്, പമ്പയിലേക്കുള്ള വഴി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് സഹായകമാവുന്ന വിധം കൂടുതൽ ദിശാസൂചകങ്ങൾ സ്ഥാപിക്കാൻ വ്യാഴാഴ്ച ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. അപ്പം, അരവണ കൗണ്ടറുകളുള്ള ഭാഗത്ത് ഒരു ദിശയിലേക്ക് മാത്രം പോകേണ്ടയിടത്ത് തീർത്ഥാടകർ ഇരുദിശയിലേക്കും തിക്കിത്തിരക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഇവിടെ ദിശാസൂചകം സ്ഥാപിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കൗണ്ടറുകളിൽ പ്രസാദം, രസീത് എന്നിവ വേർതിരിച്ചറിയുന്നതിനുള്ള അറിയിപ്പുകളും സ്ഥാപിക്കും.
വലിയ നടപ്പന്തലിലെ ഡിജിറ്റൽ ഡിസ്പ്ലേകളിൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കാനും പി.ആർ.ഒ ഓഫീസിനോട് ചേർന്നുള്ള അനൗൺസ്മെന്റ് കേന്ദ്രത്തിന് വ്യക്തമായി മനസ്സിലാകുന്ന വിധം ബോർഡ് വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പല കടകളിലും പരിശോധന നടത്തുമ്പോൾ വിലവിവരപ്പട്ടിക രേഖപ്പെടുത്തിയ ബോർഡ് കടയ്ക്കുള്ളിലാണ് കാണപ്പെടുന്നത്. നാല് ഭാഷകളിലുള്ള വിലവിവരപ്പട്ടിക ബോർഡുകൾ തീർത്ഥാടകർക്ക് വ്യക്തമായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകി. ടെൻഡർ എടുത്ത കടകളിൽ പലതും തീർത്ഥാടകരുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പുറത്തേക്ക് ഇറക്കി കെട്ടുന്നത് ദേവസ്വം ബോർഡ് കർശനമായി തടയും. ദേവസ്വത്തിന്റെ കുത്തക പാട്ട ഓഫീസർ ഇക്കാര്യത്തിൽ പരിശോധന നടത്തും.
അരവണ കൗണ്ടറിനടുത്തും അന്നദാന മണ്ഡപത്തിലേക്കുള്ള വഴിയിലും പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് തടയാനും മാലിന്യം നീക്കം ചെയ്യാനും നടപടിയെടുക്കും. സന്നിധാനത്തെ എഫ്.എസ്.ടി.പി പ്ലാന്റിൽ നിലവിലുള്ള ജീവനക്കാരെ കൂടാതെ ദേവസ്വം മുൻകൈയെടുത്ത് 20 പേരെ അധികമായി നിയമിക്കും. ആവശ്യമെങ്കിൽ 10 വിശുദ്ധി സേനാംഗങ്ങളെ കൂടി നിയോഗിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന മൂന്നു ദിവസത്തിനകം പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ശബരിമല എ.ഡി.എം ദിലീപ് കെ. കൈനകര അധ്യക്ഷത വഹിച്ചു. ശബരിമല സ്പെഷ്യൽ ഓഫീസർ ജെ. ജയദേവ്, എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ, ഡ്യൂട്ടി മജിസ്ട്രേറ്റ് എം. ബിപിൻ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

