ശബരിമല: ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി മരക്കൂട്ടത്തും സന്നിധാനത്തുമായി രണ്ടായിരത്തിലധികം യൂണിഫോം സേനാംഗങ്ങളെ വിന്യസിച്ചു. കരുതൽ സേനയും ഇതിൽ ഉൾപ്പെടും. ക്യൂ നിയന്ത്രിക്കുന്നതിനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് സേനാംഗങ്ങൾ പ്രവർത്തിച്ചുവരുന്നത്.
14 ഡിവൈ.എസ്.പി.മാരുടെ കീഴിലായാണ് സി.ഐ മുതൽ താഴേക്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം ക്രമീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ ഓഫീസറുടെ ക്യാമ്പ് ഓഫീസിൽ പ്രധാന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്. തിരക്ക് വിലയിരുത്തി അപ്പപ്പോഴുള്ള നിർദ്ദേശങ്ങളും ഇവിടെ നിന്ന് നൽകിവരുന്നു. ശരംകുത്തിയിൽ 76 പേരെയും ക്യൂ കോംപ്ലക്സിൽ 118 പേരെയും മരക്കൂട്ടത്ത് 100 സേനാംഗങ്ങളെയും വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.

