ഭിന്നശേഷിക്കാർക്കായി ഡിസംബർ ഒന്നിന് വിപുലമായ പദ്ധതി പ്രഖ്യാപിക്കും: മുഖ്യമന്ത്രി

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കായി സംസ്ഥാന സർക്കാർ ഡിസംബർ ഒന്നിന് വിപുലമായ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. ന്യൂഡൽഹി കേരള ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനൊപ്പം ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസീലിയൻസ് പ്രോജക്ടും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും രാജ്യത്തിന് തന്നെ മാതൃകയാവുന്ന പദ്ധതികളായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫയലുകൾ കൃത്യമായി തീർപ്പാക്കുന്നതിനും കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള പദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാനത്ത് ഡാറ്റാ ഡ്രിവൺ ഗവേണൻസ് നടപ്പാക്കുമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്‌ബോർഡ് സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

കേന്ദ്ര സർക്കാരിൽ നിന്ന് വിവിധ പദ്ധതികൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ ലഭ്യമാക്കാൻ തീവ്രശ്രമം നടത്തും. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കും. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ മിഷൻ സമുദ്രയ്ക്ക് വേണ്ടി മാരിടൈം നിയമം കൊണ്ടുവരും. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, സംസ്ഥാനത്തെ ഒരു ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ അധികാരത്തിൽ വന്നിട്ട് ആറ് മാസം പൂർത്തിയായതായും ജനങ്ങൾക്ക് നൽകിയ രണ്ട് പ്രധാന വാഗ്ദാനങ്ങൾ വിജയകരമായി നടപ്പാക്കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയും, ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും സർക്കാർ കൊണ്ടുവന്നു. ആശാ വർക്കർമാർ, പാചക തൊഴിലാളികൾ എന്നിവർക്ക് വരുമാന വർധനവുണ്ടായതായും, കിഫ്ബിയെക്കുറിച്ച് പഠനം നടത്തി മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മാരിടൈം മ്യൂസിയം, കൊച്ചിയിലെ ഓഷ്യനേറിയം എന്നീ പദ്ധതികളുടെ നടപടികൾ ആരംഭിച്ചതായും, സിംഗപ്പൂർ മാതൃകയിൽ കൊച്ചിയിൽ ഇന്റർനാഷണൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കാൻ നടപടി തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *