ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ‘മിഷൻ സമുദ്ര’യാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും അവതരിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളർത്തുന്നതിനൊപ്പം കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി. ആകെ 1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണനയും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനുപുറമെ, ജി.ഡി.പി കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുക, സംസ്ഥാനത്തിന് അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി

