കിര്‍ക്കിന്റെ കൊലപാതകത്തെ ആഘോഷിച്ചതിന് പോലീസ് ഓഫീസര്‍ക്കെതിരേ അന്വേഷണം

പെര്‍ത്ത്: അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചതിന്റെ പേരില്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ പോലീസ് ഓഫീസര്‍ക്കെതിരേ അന്വേഷണം. മുപ്പത്തിനാലുകാരനായ ഈ ഓഫീസര്‍ സാര്‍ജന്റ് റാങ്കിലാണ് സേവനമനുഷ്ഠിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇയാള്‍ കിര്‍ക്കിന്റെ കൊലപാതകത്തെ തുടര്‍ന്ന് ‘ഗാസയ്ക്കും യുക്രേയ്‌നും ട്രംപ് വാര്‍ത്തകള്‍ക്കും ചിലപ്പോഴെങ്കിലും ചിലതെങ്കിലും ഗംഭീരമായ സംഭവിക്കുന്നു’ എന്നൊരു പോസ്റ്റാണ് പങ്കുവച്ചത്. ഇതിന്റെ വെളിച്ചത്തില്‍ പോലീസ് കംപ്ലേന്റ്‌സ് ഡിസിപ്ലിനറി ആക്ട് പ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ പോസ്റ്റിനെതിരേ വ്യാപകമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇടതായാലും വലതായാലും മധ്യേ പോകുന്നയാളായാലും ആരും ഒരിക്കലും മറ്റൊരാളുടെ കൊലപാതകത്തെ ആഘോഷിച്ചു കൂടാ എന്നാണ് തന്റെ അഭിപ്രായമെന്ന് ഇതു സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയുടെ മന്ത്രി ടോം കൗസ്റ്റാന്‍ടോണിസ് പറഞ്ഞു. തുറന്നു സംസാരിച്ചു എന്നതിന്റെ പേരില്‍ ഒരാള്‍ വധിക്കപ്പെട്ട കാര്യമാണിത്. നമുക്കൊക്കെ അന്യോന്യം സംസാരിക്കാനാവുന്നില്ലെങ്കില്‍ എന്താണ് പ്രയോജനം. ഈ സംഭവം നാടിനെക്കാള്‍ നമ്മള്‍ ഭേദപ്പെട്ടതാണ്. നമ്മുടെ സംവിധാനങ്ങള്‍ അതിനെക്കാള്‍ ഭേദപ്പെട്ടതുമാണ്. അതിനാല്‍ ഇത്തരം അക്രമങ്ങളെ നമ്മള്‍ അപലപിച്ചേ മതിയാകൂവെന്ന് കൗസ്റ്റാന്‍ടോണിസ് വ്യക്തമാക്കി. പോലീസ് ഈ അന്വേഷണം മികച്ച നിലയില്‍ നടത്തുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.