ശബരിമലയിൽ പിടികൂടിയത് 40 പാമ്പുകളെ; വന്യജീവികൾക്ക് തീറ്റ നൽകരുതെന്ന് മുന്നറിയിപ്പ്

സന്നിധാനം: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിച്ച ശേഷം ശബരിമല സന്നിധാനത്തുനിന്നും പരിസരങ്ങളിൽ നിന്നുമായി വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. പിടികൂടിയ മുഴുവൻ പാമ്പുകളെയും സന്നിധാനത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്ത് സുരക്ഷിതമായി തുറന്നുവിട്ടതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർ.എഫ്.ഒ) ടി.കെ. മനോജ് അറിയിച്ചു.

പാമ്പുകളെ പിടികൂടുന്നതിനായി വനംവകുപ്പിന്റെ മൂന്ന് പ്രത്യേക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ട് സംഘങ്ങൾ സന്നിധാനത്തും ഒരു സംഘം മരക്കൂട്ടത്തുമാണ് വിന്യസിച്ചിരിക്കുന്നത്. വന്യജീവി സാന്നിധ്യത്തിന് സാധ്യതയുള്ള നാല് പ്രധാന മേഖലകളാണ് വകുപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്. പാണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രക്കിങ് പാത, ചരൽമേട് എന്നീ പ്രദേശങ്ങളിൽ 24 മണിക്കൂറും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

കാട്ടാനകളെ തുരത്തുന്നതിനായി അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക എലിഫന്റ് സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. രണ്ട് പമ്പ്-ആക്ഷൻ ഗണ്ണുകളും പടക്കങ്ങളുമാണ് ആനകളെ തുരത്താൻ സ്‌ക്വാഡിന് നൽകിയിട്ടുള്ളത്. ദിവസവും പുല്ലുമേട് വഴി കാനന പാതയിലൂടെ എത്തുന്ന അയ്യപ്പന്മാരുടെ ആദ്യ സംഘത്തെ വന്യജീവി സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കഴുതക്കുഴി വരെ വനം ഉദ്യോഗസ്ഥർ അനുഗമിക്കും. അതുപോലെ, കഴുതക്കുഴി മുതൽ പാണ്ടിത്താവളം വരെ ദിവസവും വരുന്ന അവസാനത്തെ അയ്യപ്പ സംഘത്തിനും ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കി കൂട്ടുപോകും.

അതേസമയം, തീർത്ഥാടകർ വന്യജീവികൾക്ക് തീറ്റ നൽകുന്നത് അതീവ അപകടകരമാണെന്ന് ആർ.എഫ്.ഒ മുന്നറിയിപ്പ് നൽകി. വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പലരും കുരങ്ങുകൾക്കും മലയണ്ണാനുമൊക്കെ അനധികൃതമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ട്. ഈ മൃഗങ്ങൾ തീർത്ഥാടകരെ മാന്തുകയോ ദേഹത്ത് പോറലേൽപ്പിക്കുകയോ ചെയ്താൽ പ്രതിരോധ വാക്സിൻ എടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അതിനാൽ ഗുരുതരമായ ഇത്തരം സാഹചര്യങ്ങൾ തീർത്ഥാടകർ ഒഴിവാക്കണമെന്നും ആർ.എഫ്.ഒ അഭ്യർത്ഥിച്ചു.

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വാറ്റ്, മയക്കുമരുന്ന്, പുകയില ഉപയോഗം എന്നിവ തടയുന്നതിനായി വനം-വന്യജീവി, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധന ഉടൻ ആരംഭിക്കും. കൂടാതെ, സന്നിധാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വനംവകുപ്പിന് കീഴിൽ 12 എക്കോ ഗാർഡുമാരും പ്രവർത്തിച്ചുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *