സിഡ്നി: നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിൽ (NDIS) നിന്ന് ഒരു മില്യൺ ഡോളറിലധികം തട്ടിയെടുത്ത കേസിൽ സിഡ്നി സ്വദേശിയായ നിസാർ ഹംദാന് അഞ്ച് വർഷവും ഒരു മാസവും തടവ് ശിക്ഷ വിധിച്ചു. 2026 നവംബർ 20-ന് ന്യൂ സൗത്ത് വെയിൽസ് ജില്ലാ കോടതിയാണ് അഞ്ച് വഞ്ചനാ കുറ്റങ്ങളിൽ ഹംദാനെ ശിക്ഷിച്ചത്. പരോളിന് അർഹത നേടുന്നതിന് മുൻപ് ഇയാൾ മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. കൂടാതെ, കോമൺവെൽത്തിന് 1,50,000 ഡോളർ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
2018-നും 2021-നും ഇടയിലുള്ള കാലയളവിൽ നിസാർ ഹംദാനും മറ്റ് രണ്ട് കൂട്ടുപ്രതികളും ചേർന്ന് ഭിന്നശേഷി സേവന ദാതാക്കളായ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഗുണഭോക്താക്കൾക്ക് ഒരിക്കലും ലഭിക്കാത്ത സേവനങ്ങളുടെ പേരിൽ വ്യാജ ബില്ലുകൾ നൽകിയാണ് ഇവർ എൻ.ഡി.ഐ.എസിൽ നിന്ന് പണം തട്ടിയെടുത്തത്.
കേസിലെ മറ്റ് പ്രതികളായ ഉഫുക് ദിക്കിന് 2024 നവംബറിൽ 28 മാസത്തെ തടവ് ശിക്ഷയും, സെഫിയൻ താഹയ്ക്ക് 24 മാസത്തെ ഇന്റൻസീവ് കറക്ഷൻസ് ഓർഡറും കോടതി വിധിച്ചിരുന്നു. തട്ടിപ്പിനെ തുടർന്ന് പ്രതികൾക്കും ഇവരുടെ സേവന സ്ഥാപനങ്ങൾക്കുമെതിരെ എൻ.ഡി.ഐ.എസ് ക്വാളിറ്റി ആൻഡ് സേഫ്ഗാർഡ്സ് കമ്മീഷൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2022 നവംബറിൽ ഫ്രോഡ് ഫ്യൂഷൻ ടാസ്ക്ഫോഴ്സ് പ്രവർത്തനം ആരംഭിച്ചതിന് ശേഷം എൻ.ഡി.ഐ.എസ് തട്ടിപ്പ് കേസുകളിൽ ജയിലിലാകുന്ന 21-ാമത്തെ കുറ്റവാളിയാണ് ഹംദാൻ.

