സിഡ്‌നി: സിഡ്‌നിയിലെ വ്യൂപോയിന്റിൽ വെച്ച് 20 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ഒക്ടോബർ 21-ന് നടന്ന സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാൻ കഴിയുന്ന ഒരാളുടെ ചിത്രം ന്യൂ സൗത്ത് വെയിൽസ് പൊലീസ് പുറത്തുവിട്ടു.
ഒക്ടോബർ 21-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കിരിബില്ലിയിലെ ബ്രാഡ്ഫീൽഡ് പാർക്കിൽ വെച്ചാണ് അപരിചിതനായ ഇയാൾ യുവതിയെ സമീപിച്ചത്. തുടർന്ന് വെള്ള നിറത്തിലുള്ള ലെക്സസ് എസ്.യു.വിയിൽ (Lexus SUV) ഇവർ ബ്ലൂസ് പോയിന്റിലെ ഹെൻറി ലോസൺ അവന്യൂവിലും വേവർട്ടണിലെ ബോൾസ് ഹെഡ് ഡ്രൈവിലുള്ള കോൾ ലോഡറിലുമെത്തി. സമീപത്തുള്ള ഒരു വ്യൂപോയിന്റിൽ വെച്ച് ഇയാൾ യുവതിയെ ലൈംഗികമായി സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് ഒരു പൊതുശൗചാലയത്തിന് സമീപം ഇയാളെ ഇറക്കിവിട്ടതായും തുടർന്ന് യുവതി പ്രദേശവാസിയുടെ സഹായം തേടിയതായും പൊലീസ് വ്യക്തമാക്കുന്നു.
പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള വ്യക്തിക്ക് ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കും. മെലിഞ്ഞ ശരീരപ്രകൃതിയും 165-170 സെന്റീമീറ്റർ ഉയരവുമുള്ള ഇയാൾക്ക് കുറിയ വെളുത്ത മുടിയാണുള്ളത്. സംഭവസമയത്ത് കടും ചാരനിറത്തിലുള്ളതോ നീലയോ ഷർട്ടും കറുത്ത പാന്റ്സും സൺഗ്ലാസും കറുപ്പും വെളുപ്പും നിറത്തിലുള്ള ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. ഇയാളുടെ ചിത്രം എൻ.എസ്.ഡബ്ല്യു പൊലീസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.
അന്ന് ഉച്ചതിരിഞ്ഞ് പ്രദേശത്തുണ്ടായിരുന്നവരോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സിസിടിവി, മൊബൈൽ ഫോൺ, ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

