വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുറത്തിറങ്ങി. ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1960-കൾക്ക് ശേഷം ആദ്യമായാണ് ഒരു മാർപാപ്പയുടെ സ്വകാര്യ ഡയറി ഔദ്യോഗികമായി പുറത്തുവരുന്നത്. 12 വർഷക്കാലം കത്തോലിക്കാ സഭയെ നയിച്ച ശേഷം 2025 ഏപ്രിലിൽ 88-ാം വയസ്സിൽ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ 1992 മുതൽ 2024 വരെയുള്ള സുപ്രധാന കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
മുപ്പതിലേറെ വർഷക്കാലം കറുത്ത ചട്ടയുള്ള ഡയറിയിൽ ചെറിയ, ചരിഞ്ഞ അക്ഷരങ്ങളിൽ അദ്ദേഹം സ്വന്തം അനുഭവങ്ങളും ചിന്തകളും കുറിച്ചിരുന്നു. താൻ കണ്ടുമുട്ടിയ മനുഷ്യർ, ജീവിതത്തിലെ ഭയങ്ങൾ, തനിക്ക് സംഭവിച്ച പിഴവുകൾ, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് അദ്ദേഹം വിശ്വസിച്ച അനുഭവങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.
ഡയറിയിലെ ഏറ്റവും ശ്രദ്ധേയവും ചർച്ചയാകുന്നതുമായ ഭാഗങ്ങൾ പിശാചിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ്. 2021-ലെ കുറിപ്പിൽ മൂന്നുതവണ ചെകുത്താനെ ദർശിച്ചതായും ആ പരുപരുത്ത ശബ്ദം കേട്ടതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കാർ യാത്രയ്ക്കിടെയായിരുന്നു ആദ്യ ദർശനം. രണ്ടാമത്തേത് വിശുദ്ധ കുർബാനയ്ക്കിടെ ഗായകസംഘത്തിന് മുകളിൽ നിലയുറപ്പിച്ച നിലയിലും, മൂന്നാമത്തേത് വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള നിർണ്ണായക യോഗത്തിനിടെയുമായിരുന്നുവെന്ന് ഡയറിയിൽ പറയുന്നു.

