കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാവേറല്ല താനെന്നും വടകര എംപി ഷാഫി പറമ്പിൽ തനിക്ക് ഇരയല്ലെന്നും വ്യക്തമാക്കി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമ്പോൾ അദ്ദേഹത്തിന് തന്റെ സേവനത്തിന്റെ ആവശ്യമില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
ഷാഫി പറമ്പിൽ കോൺഗ്രസിലെ എ ഗ്രൂപ്പിൽപ്പെട്ടയാളല്ലെന്നു മാത്രമാണ് താൻ പറഞ്ഞതെന്ന് ഉണ്ണിത്താൻ വിശദീകരിച്ചു. അത് കേരളത്തിലെ ജനങ്ങൾക്ക് നേരിട്ട് അറിയാവുന്ന യാഥാർഥ്യമാണെന്നും തന്റെ പരാമർശത്തിന്റെ പേരിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ നിരവധി കാര്യങ്ങൾ ചെയ്തിട്ടും തന്നെ ക്രൂശിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും നേതാക്കൾ തമ്മിലുള്ള ഭിന്നതയും പരസ്യമായതോടെയാണ് ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള തർക്കം രൂക്ഷമായത്. ഷാഫി പറമ്പിലിന്റെ അനുയായികളാണ് തനിക്കെതിരായ സമൂഹമാധ്യമ ആക്രമണങ്ങൾക്ക് പിന്നിലെന്നായിരുന്നു ഉണ്ണിത്താന്റെ ആരോപണം. ആക്രമണം തുടർന്നാൽ ചിലരുടെ മുഖംമൂടി അഴിക്കുന്ന വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പരസ്യ സംവാദത്തിന് ഷാഫിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എ ഗ്രൂപ്പിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ അദ്ദേഹത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ നിലപാടുകളോട് ആത്മാർഥത പുലർത്തിയവരിൽ കെ.സി. ജോസഫും ബെന്നി ബെഹനാനുമാണ് പ്രധാനികളെന്നും ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മന്ത്രിസഭാ യോഗത്തിലെ ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായതിനെക്കുറിച്ചും ഉണ്ണിത്താൻ പ്രതികരിച്ചു. രഹസ്യസ്വഭാവമുള്ള മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുപോയത് എങ്ങനെയെന്ന് അന്വേഷിക്കണം. വിവരങ്ങൾ പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണം. അത്തരമൊരാൾ മന്ത്രിസഭയിൽ തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ രഹസ്യങ്ങൾ പുറത്തുപറയുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ സംഘടനാ അധികാരത്തർക്കവും കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളും നേതാക്കൾക്കിടയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടും നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുകയാണ്.

