ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന മുൻ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. റിയാസി ജില്ലയിലെ തൂറൂ ലസോളി സ്വദേശിയായ മുഹമ്മദ് മൻഷയെയാണ് ദക്ഷിണ കശ്മീരിലെ ട്രാൽ മേഖലയിൽനിന്ന് പിടികൂടിയത്. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 13 കേസുകളിൽ ഇയാൾ പ്രതിയാണ്.
റിയാസി പോലീസിന്റെ പ്രത്യേക സംഘവും ജില്ലാ ഒളിവുപ്രതികളെ കണ്ടെത്തുന്നതിനുള്ള യൂണിറ്റും അവന്തിപുര പോലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ട്രാലിൽ ഇയാളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.
2000 മുതൽ 2007 വരെ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്ന മൻഷ 2007-ൽ സുരക്ഷാസേനയ്ക്കു മുന്നിൽ കീഴടങ്ങിയിരുന്നു. എന്നാൽ തുടർന്നുള്ള നിയമനടപടികളിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. 2000 മുതൽ 2007 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത 13 ക്രിമിനൽ കേസുകളിലാണ് ഇയാൾ വിചാരണ നേരിടേണ്ടത്.
പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലും പ്രതി
2000-ൽ ജമ്മു കശ്മീർ പോലീസിലെ സ്പെഷ്യൽ പോലീസ് ഓഫീസർ (എസ്പിഒ) കൊല്ലപ്പെട്ട സംഭവമാണ് മൻഷയ്ക്കെതിരായ പ്രധാന കേസുകളിലൊന്ന്. മഹോർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകം, കൊലപാതകശ്രമം, രാജ്യത്തിനെതിരായ ഗൂഢാലോചന, ആയുധനിയമത്തിലെ വ്യവസ്ഥകൾ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അന്വേഷണത്തിനുശേഷം ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് ഒളിവുപ്രതിയായി പ്രഖ്യാപിച്ചു. 2001 ഡിസംബർ ആറിന് റിയാസി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണം
ദീർഘകാലമായി തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിശ്വസനീയമായ രഹസ്യവിവരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. മഹോർ പോലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരും ജില്ലാ അബ്സ്കോണ്ടർ ട്രാക്കിങ് യൂണിറ്റിലെ അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക സംഘമാണ് ട്രാലിലെത്തിയത്. അവന്തിപുര പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിനുശേഷം തുടർനിയമനടപടികൾക്കായി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായി ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനുള്ള നടപടികൾ തുടരുമെന്നും റിയാസി ജില്ലാ പോലീസ് വ്യക്തമാക്കി.
കീഴടങ്ങിയതിനുശേഷവും നിയമനടപടികളിൽനിന്ന് വിട്ടുനിന്ന പ്രതിയെ രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പോലീസ് പിടികൂടുന്നത്.

