ന്യൂഡൽഹി: പാക്കിസ്ഥാനിൽനിന്നുള്ള വ്യോമാക്രമണ ഭീഷണികൾ പ്രതിരോധിക്കുന്നതിനായി ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ (എൽഒസി) അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ഫെബ്രുവരിയോടെ പുതിയ സംവിധാനം വിന്യാസത്തിന് സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽനിന്നുള്ള എസ്-400 സംവിധാനത്തിന്റെ വിതരണം സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
2018ൽ റഷ്യയുമായി ഒപ്പിട്ട 5.43 ബില്യൺ ഡോളറിന്റെ (ഏകദേശം 35,000 കോടി രൂപ) കരാറിന്റെ ഭാഗമായാണ് ഇന്ത്യ അഞ്ച് എസ്-400 സംവിധാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. ഇതിൽ നാലെണ്ണം ഇതിനകം ഇന്ത്യയ്ക്ക് ലഭിച്ചു. അഞ്ചാമത്തേതിന്റെ വിതരണം പൂർത്തിയാകുന്നതോടെ ആദ്യ കരാറിലെ അഞ്ച് സംവിധാനങ്ങളും ഇന്ത്യയുടെ പക്കലെത്തും.
നിലവിൽ മൂന്ന് എസ്-400 സംവിധാനങ്ങൾ പടിഞ്ഞാറൻ അതിർത്തിയിലെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. നാലാമത്തേത് വടക്കുകിഴക്കൻ മേഖലയിലെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അസമിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ചാമത്തെ സംവിധാനം ജമ്മു കശ്മീരിലെ 740 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണരേഖയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാനാണ് നീക്കം.
വ്യോമസേനയുടെ പരിശോധനാ സംഘം ഡിസംബറിൽ റഷ്യ സന്ദർശിച്ച് പുതിയ സംവിധാനത്തിന്റെ കൈമാറ്റത്തിനു മുന്നോടിയായുള്ള പരിശോധന നടത്തുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2027 ഫെബ്രുവരിയോടെ സംവിധാനം പൂർണമായും വിന്യസിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പാക്കിസ്ഥാൻ സൈനിക സഹായം സ്വീകരിക്കുന്നതും അമേരിക്ക പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതും ഇന്ത്യയുടെ നീക്കത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്നാണ് റിപ്പോർട്ട്. ചൈനയിൽനിന്ന് ജെ-35 അഞ്ചാംതലമുറ യുദ്ധവിമാനങ്ങളും ഹാംഗോർ വിഭാഗത്തിൽപ്പെട്ട അന്തർവാഹിനികളും സ്വന്തമാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കവും ഇന്ത്യയുടെ സുരക്ഷാ വിലയിരുത്തലിൽ പ്രധാനമാണ്.
40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള വിവിധ വ്യോമഭീഷണികളെ നേരിടാൻ ശേഷിയുള്ളതാണ് റഷ്യൻ നിർമിത എസ്-400 ട്രയംഫ് സംവിധാനം. ശത്രുവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ കണ്ടെത്തി തകർക്കാൻ ഇതിന് കഴിയും. വിവിധ ദൂരപരിധികളിൽ പ്രവർത്തിക്കുന്ന മിസൈലുകൾ ഉപയോഗിച്ച് ഒന്നിലധികം തലങ്ങളിലുള്ള പ്രതിരോധം ഒരുക്കാനും സംവിധാനത്തിന് സാധിക്കും.
2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാനിൽനിന്നുള്ള വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 ഉൾപ്പെടെയുള്ള ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനുള്ള സാധ്യതയും ഇന്ത്യ പരിഗണിക്കുന്നുണ്ട്. 2026 മാർച്ചിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള നിർദേശത്തിന് പ്രാഥമിക അംഗീകാരം നൽകിയിരുന്നു. എന്നാൽ പുതിയ സംവിധാനങ്ങൾക്കായുള്ള കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

