ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാലമായി ചർച്ചയിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കരാർ യാഥാർഥ്യമാക്കുന്നതിന് തടസ്സമായിരുന്ന നടപടിക്രമങ്ങൾക്കും തുടർനടപടികൾക്കുമെല്ലാം ഇപ്പോൾ വ്യക്തമായ രൂപം ലഭിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ട്രസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്ത്യ ഡെബ്റ്റ് ക്യാപിറ്റൽ മാർക്കറ്റ് ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.
അമേരിക്ക ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താൻ നിർദേശിച്ച സാഹചര്യത്തിലാണ് ഗോയലിന്റെ പ്രതികരണം. അമേരിക്കൻ വ്യാപാര പ്രതിനിധിയുടെ ഓഫീസ് (യുഎസ്ടിആർ) ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം വരെ അധിക തീരുവ നിർദേശിച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും പരസ്പര വ്യാപാര കരാറിലെത്തിയാൽ ഇത് 17 ശതമാനമായി കുറയ്ക്കാൻ കഴിയുമെന്നാണ് അമേരിക്കയുടെ നിലപാട്.
നിർമാണ മേഖലയിലെ അമിത ഉൽപ്പാദനശേഷിയും ഉൽപ്പാദനവും അമേരിക്കയുടെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കെതിരെ അമേരിക്ക വ്യാപാര അന്വേഷണത്തിന് തുടക്കമിട്ടത്. 1974ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരമായിരുന്നു അന്വേഷണം. എന്നാൽ രാജ്യത്ത് ഘടനാപരമായ അമിത ഉൽപ്പാദനശേഷിയുണ്ടെന്ന അമേരിക്കയുടെ ആരോപണം ഇന്ത്യ തള്ളിയിട്ടുണ്ട്. യുഎസ്ടിആറിന്റെ അറിയിപ്പ് പരിശോധിച്ചുവരികയാണെന്നും വ്യാപാരവുമായി ബന്ധപ്പെട്ട ആശങ്കകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 59.52 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 52 ബില്യൺ ഡോളറായിരുന്നു.
അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഡിസംബറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോയൽ വ്യക്തമാക്കി. കരാർ 2027 മാർച്ച്–ഏപ്രിൽ മാസത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നാലര മുതൽ അഞ്ചു വർഷത്തിനിടെ 38 വികസിത രാജ്യങ്ങളുമായി ഒൻപത് സ്വതന്ത്ര വ്യാപാര കരാറുകൾക്ക് ഇന്ത്യ അന്തിമരൂപം നൽകിയിട്ടുണ്ട്. ഇതിലൂടെ ഏകദേശം 70 ട്രില്യൺ ഡോളർ മൊത്ത ആഭ്യന്തര ഉൽപ്പാദനമുള്ള വിപണികളിലേക്ക് ഇന്ത്യയ്ക്ക് മുൻഗണനാ പ്രവേശനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ എട്ടു മുതൽ ഒൻപത് വരെ സ്വതന്ത്ര വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇവ കൂടി യാഥാർഥ്യമായാൽ ഇന്ത്യയ്ക്ക് വ്യാപാര മുൻഗണന ലഭിക്കുന്ന വിപണികളുടെ മൊത്തം ജിഡിപി 85 ട്രില്യൺ ഡോളറായി ഉയരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ കയറ്റുമതി മേഖല മികച്ച വളർച്ച കൈവരിക്കുകയാണെന്നും നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസത്തെ കയറ്റുമതി 570 ബില്യൺ ഡോളറിലെത്തിയെന്നും ഗോയൽ പറഞ്ഞു. വാർഷിക കയറ്റുമതി ഒരു ട്രില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

