പഞ്ചാബിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്നു; സംഭവം പത്താൻകോട്ടിൽ

ജമ്മു: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ ഇന്ത്യ–പാക്കിസ്ഥാൻ രാജ്യാന്തര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) വെടിവച്ചുകൊന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ പഹാഡിപുർ അതിർത്തി ഔട്ട്‌പോസ്റ്റിന് സമീപമായിരുന്നു സംഭവം.

ഉജ്ജ് നദിക്കരയിലുള്ള അതിർത്തി മേഖലയിലൂടെയാണ് ഇയാൾ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചത്. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് സൈനികർ ഇയാളോട് നിർത്താനും തിരിച്ചുപോകാനും മുന്നറിയിപ്പ് നൽകി. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് ഇയാൾ മുന്നോട്ടുനീങ്ങിയതോടെ സൈനികർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഇരുപതുകളിലുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലം നദീതീര മേഖലയായതിനാൽ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള സ്മാർട്ട് ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങളും ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചതിന്റെ ലക്ഷ്യവും സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ഒക്ടോബർ രണ്ടിന് രണ്ട് പാക്ക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവച്ചുകൊന്നതിന് പിന്നാലെയാണ് പുതിയ സംഭവം. അന്ന് മൂന്ന് പേർ ഇന്ത്യൻ അതിർത്തിയിലേക്ക് നീങ്ങിയതായും മുന്നറിയിപ്പിനെത്തുടർന്ന് ഒരാൾ തിരിച്ചുപോയതായും അധികൃതർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *