ടെവസിന്റെ വിടവാങ്ങൽ മത്സരം; മെസിയെത്തും, റൊണാൾഡോയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ

ബ്യൂണസ് ഐറിസ്:അർജന്റീന ഫുട്ബോൾ ഇതിഹാസം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കും. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മത്സരത്തിൽ അണിനിരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇരുവരും ഒരേ ടീമിൽ കളിക്കണമെന്ന ടെവസിന്റെ ആഗ്രഹമാണ് ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടുന്നത്.

ഡിസംബർ 20ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ബൊക്ക ജൂനിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ ലാ ബൊംബോനേര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2022ൽ പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് വിരമിച്ച 42കാരനായ ടെവസിന് ഔദ്യോഗികമായ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

മെസിയുടെ പങ്കാളിത്തം സംഘാടകർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. റൊണാൾഡോയെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അർജന്റീന ദേശീയ ടീമിൽ മെസിക്കൊപ്പം ടെവസ് കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2007 മുതൽ 2009 വരെ റൊണാൾഡോയ്ക്കൊപ്പവും കളിച്ചു. ഇരുവരുമായുള്ള സൗഹൃദവും ബന്ധവുമാണ് വിടവാങ്ങൽ മത്സരത്തിൽ ഇരുവരെയും ഒരുമിപ്പിക്കാനുള്ള ടെവസിന്റെ ശ്രമത്തിന് പിന്നിൽ.

മത്സരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ള മറ്റ് പ്രമുഖ താരങ്ങളിൽ റിയോ ഫെർഡിനാൻഡ്, സെർജിയോ അഗ്യൂറോ, ജിയാൻലൂയിജി ബഫൺ, ലിയാൻഡ്രോ പരേഡസ്, മാർട്ടിൻ പലേർമോ എന്നിവരും ഉൾപ്പെടുന്നു.

മെസിയും റൊണാൾഡോയും ഒരേ ടീമിൽ കളിച്ചിട്ടില്ലെന്ന പ്രത്യേകതയും ഈ മത്സരത്തിന് ആരാധകർക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്. ഇരുവരും അവസാനമായി ഒരേ മത്സരത്തിൽ കളിച്ചത് 2023ൽ പാരീസ് സെന്റ് ജെർമെയ്‌നും സൗദി പ്രോ ലീഗ് താരങ്ങൾ ഉൾപ്പെട്ട റിയാദ് സീസൺ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിലായിരുന്നു. അന്ന് ഇരുവരും എതിർ ടീമുകളിലായിരുന്നു.

റൊണാൾഡോ കൂടി പങ്കെടുക്കുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിലെ ശ്രദ്ധേയമായൊരു കൂടിച്ചേരലിന് ടെവസിന്റെ വിടവാങ്ങൽ മത്സരം വേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *