കാൻബെറ: 2024-ൽ ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തിന് നേരെയുണ്ടായ തീവെപ്പ് ആക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ചതായി ആരോപിക്കപ്പെടുന്ന രണ്ട് മുഖ്യസൂത്രധാരന്മാരുടെ പേരുകൾ ഓസ്‌ട്രേലിയൻ സർക്കാർ പുറത്തുവിടുകയും ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് വേണ്ടിയാണ് ഇവർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തൽ.
മെൽബണിലെ സിനഗോഗിന് (ജൂത ദേവാലയം) നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്ത കാസെം ഹമദ്, സിഡ്‌നിയിലെ കോഷർ റെസ്റ്റോറന്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ പൗരൻ സൊഹൈർ ഹസീബ് (Zohair Hassib) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 2023-ൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ട കാസെം ഹമദ്, നിലവിൽ മയക്കുമരുന്ന് കടത്ത് കേസിൽ ഇറാഖിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
ഉപരോധം ഏർപ്പെടുത്തിയതോടെ ഇവരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. ഉപരോധം ലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവോ കനത്ത പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. നേരത്തെ, ഈ വിഷയവുമായി ബന്ധപ്പെട്ട് ഇറാന്റെ അംബാസഡറെയും മറ്റ് മൂന്ന് നയതന്ത്രജ്ഞരെയും ഓസ്‌ട്രേലിയ പുറത്താക്കുകയും, ഐ.ആർ.ജി.സിയെ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഓരോ ഓസ്‌ട്രേലിയൻ പൗരനും ഭയമില്ലാതെ ജീവിക്കാനും ആരാധന നടത്താനുമുള്ള സാഹചര്യം ഉറപ്പാക്കുമെന്നും വിദേശ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനങ്ങളെ ചെറുക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

