അഡ്ലെയ്ഡ്: മൊബൈൽ സ്പീഡ് ക്യാമറകളുടെ പരിശോധനാ നടപടിക്രമങ്ങൾ ഓസ്ട്രേലിയൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് ഓസ്ട്രേലിയ പോലീസ് ആയിരക്കണക്കിന് അമിതവേഗത പിഴകൾ പിൻവലിക്കുന്നു. ഏകദേശം 4.7 മില്യൺ ഡോളർ മൂല്യമുള്ള 8,383 പിഴകളാണ് പോലീസ് റദ്ദാക്കുന്നത്.
2025 നവംബർ 6-നും 2026 ഒക്ടോബർ 29-നും ഇടയിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങളെയാണ് ഈ പിഴവ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 13 കേസുകളും പോലീസ് പിൻവലിക്കും. പരിശോധനാ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും ക്യാമറകൾ രേഖപ്പെടുത്തിയ വേഗതയുടെ അളവ് കൃത്യമായിരുന്നുവെന്നാണ് പോലീസിന്റെ വാദം.
എന്നാൽ, ഇതുവരെ പിഴ അടയ്ക്കാത്തവരുടെ നോട്ടീസുകൾ മാത്രമാണ് പോലീസ് റദ്ദാക്കുന്നത്. ഇതേ കാലയളവിൽ പിഴയൊടുക്കിയ 70,814 വാഹനമോടിച്ചവർക്ക് പണം തിരികെ നൽകില്ലെന്നാണ് അധികൃതരുടെ നിലപാട്. നിയമം നടപ്പാക്കുന്ന കാര്യത്തിൽ അധികാരികൾക്കും പൊതുജനങ്ങൾക്കും തുല്യ ഉത്തരവാദിത്തം വേണമെന്നും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവായതിനാൽ പണമടച്ച 70,814 ഡ്രൈവർമാർക്കും മുഴുവൻ തുകയും തിരികെ നൽകണമെന്നുമുള്ള ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

