ജയ്‌ഷെ മുഹമ്മദിനു വനിതാ വിഭാഗം വരുന്നു, പേര് ജമാഅത്തുല്‍ മുഅമിനാത്ത്

ഇസ്ലാമാബാദ്: വനിതകളെ കൂടി ഭീകരപ്രവര്‍ത്തനവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജയ്‌ഷെ മുഹമ്മദ് എന്ന പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദി സംഘം വനിതാ വിഭാഗം രൂപീകരിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജമാഅത്തുല്‍ മൂഅമിനാത്ത് എന്നു പേരിട്ടിരിക്കുന്ന വനിതാ വിഭാഗത്തെ നയിക്കുന്നത് ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് മസൂദ് അസറിന്റെ സഹോദരി സാദിയ അസര്‍ തന്നെയാണ്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സാദിയയുടെ ഭര്‍ത്താവ് യൂസുഫ് അസറും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിലേക്കുള്ള റിക്രൂട്ട്‌മെന്റ് ബുധനാഴ്ച ബഹാവല്‍പൂരില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പന്നോക്ക നിലയില്‍ കഴിയുന്ന മറ്റു സ്ത്രീകളെയുമാണ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നു. പരമ്പരാഗതമായി ഭീകരപ്രവര്‍ത്തനം പുരുഷന്‍മാരുടെ മാത്രം മേഖലയെന്ന നിലയിലാണ് ജെയ്‌ഷെ മുഹമ്മദ് കണക്കാക്കിയിരുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിപ്പോള്‍ വനിതാ വിഭാഗം രൂപീകരിക്കുന്നത്. ഇവര്‍ നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങളിലൊന്നും പങ്കെടുക്കില്ല.