പുസ്തകപ്രേമികളുടെ ആഗോള മാമാങ്കം ഷാര്‍ജ പുസ്തകമേള നവംബര്‍ 5 മുതല്‍ 16 വരെ

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ അഞ്ചിന് ആരംഭിച്ച് പതിനാറിനു സമാപിക്കും. പുസ്തകമേളയുടെ നാല്‍പത്തിനാലാമത് എഡിഷനാണ് ഈ വര്‍ഷത്തേത്. വിവിധ രാജ്യങ്ങളിലെ നിരവധി സാഹിത്യപ്രതിഭകള്‍ അതിഥികളായി മേളയിലെത്തുന്നുണ്ട്. മലയാള കവി സച്ചിദാനന്ദന്‍ ഇത്തവണത്തെ അതിഥികളിലൊരാളാണ്. നിങ്ങളും പുസ്തകവും തമ്മില്‍ എന്നതാണ് ഇക്കൊല്ലത്തെ മേളയുടെ തലക്കെട്ട്.
കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇക്കൊല്ലം പത്തു രാജ്യങ്ങള്‍ കൂടുതലായി മേളയില്‍ എത്തുന്നുണ്ടെന്നും ഗ്രീസാണ് അതിഥി രാജ്യമെന്നും മേളയുടെ നടത്തിപ്പുകാരായ ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി വെളിപ്പെടുത്തി. പ്രമുഖ നൈജീരിയന്‍ എഴുത്തുകാരി ചിമമന്ദ എന്‍ഗോസി അഡീചി, ഇറ്റാലിയന്‍ എഴുത്തുകാരന്‍ കാര്‍ലോ റോവല്ലി, ഐറിഷ് നോവലിസ്റ്റ് പോള്‍ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം നിരവധി ്അന്താരാഷ്ട്ര പ്രശസ്തര്‍ മേളയുടെ ഭാഗമാകാനെത്തും. 118 രാജ്യങ്ങളില്‍ നിന്നായി 2350 പുസ്തക പ്രസാധകര്‍ തങ്ങളുടെ ടൈറ്റിലുകളുമായി എത്തും. മുന്നൂറു സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 750 ശില്‍പശാലകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പോയട്രി ഫാര്‍മസി, പോപ്പ് അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്‌റ്റേഷന്‍ തുടങ്ങിയ പുതിയ പരിപാടികളും മേളയുടെ ആകര്‍ഷണങ്ങളാണ്.