ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് ഒരു ബന്ധവുമില്ലാത്തതാണെങ്കിലും ചെറിയൊരു ഓസ്ട്രേലിയന്‍ കണക്ഷന് പുറത്തുവരുന്നു. സ്ഫോടനത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് വന്‍ സ്ഫോടക വസ്തു ശേഖരവുമായി ഹരിയാനയിലെ ഫരീദാബാദില്‍ പിടിയിലായ ലേഡി ഡോക്ടര്‍ ഷഹീന് സയീദിന്റെ ഭര്‍ത്താവ് ഡോ. ഹയാത്ത് സഫറിന്റെ വാക്കുകളിലാണ് ഈ കണക്ഷന് പുറത്തായത്. ഷഹീന് ഒരു മതവിശ്വാസി പോലും ആയിരുന്നില്ലെന്നു പറഞ്ഞ ഡോ. ഹയാത്ത് ഇവരുമായുള്ള ബന്ധം വേര്‍പെടുത്തുന്നതിനുള്ള കാരണവും വ്യക്തമാക്കി. ഡോ. ഷഹീന് ഇന്ത്യയില്‍ ജീവിക്കുകയേ വേണ്ടെന്ന നിലപാടായിരുന്നു അന്നുണ്ടായിരുന്നത്. മനസില്‍ കണ്ടു വച്ച ഡ്രീം ഡെസ്റ്റിനേഷന്‍ ഓസ്ട്രേലിയയും.
രണ്ടു മക്കളെയും ഭര്‍ത്താവിനെയും കൂട്ടി ഓസ്ട്രേലിയയില്‍ പോയി ശിഷ്ടകാലം അവിടെ ജീവിക്കണമെന്ന അതിയായ ആഗ്രഹമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ വിദേശത്തേക്ക് സ്ഥിരതാമസത്തിനായി പോകുന്നതിന് ഭര്‍ത്താവായ ഡോ. ഹയാത്തിനു തീരെ താല്പര്യമുണ്ടായിരുന്നില്ല. ഇവര്‍ ഇരുവരും തമ്മില്‍ അകലുന്നതിന് ഇക്കാര്യത്തിലെ അഭിപ്രായ വ്യത്യാസവും ഒരു കാരണമായി മാറി എന്നതാണ് വാസ്തവം. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും കുട്ടികളുടെ കസ്റ്റഡി വേണമെന്ന് ഡോ. ഷഹീന് ആവശ്യപ്പെട്ടതേയില്ല. കുട്ടികള്‍ ഇപ്പോഴും കഴിയുന്നത് ഭര്‍ത്താവിന്റ ഒപ്പമാണ്. ഷഹീന്റെ മാതാപിതാക്കളാകട്ടെ മകളുമായി വളരെ നേര്‍ത്ത അടുപ്പം മാത്രമാണ് സൂക്ഷിക്കുന്നതെങ്കിലും ബന്ധം പിരിഞ്ഞ മരുമകനുമായി ഇപ്പോഴും വളരെ അടുത്ത ബന്ധമാണു സൂക്ഷിക്കുന്നത്. എല്ലാ ആഴ്ചയും ഇവര്‍ ഫോണിലെങ്കിലും സംസാരിച്ചിരിക്കും.

