ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി കമല്ഹാസന് രാജ്കമല് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കാനിരുന്ന തലൈവര്‍ 173 എന്ന ചിത്രത്തില്‍ നിന്ന് സംവിധായകന് സി സുന്ദര്‍ പിന്മാറി. ഒഴിവാക്കാനാവാത്ത ചില കാരണങ്ങള്‍ കൊണ്ട് അതീവ വേദനയോടെയാണ് ചിത്രത്തിന്റെ പ്രോജക്ടില്‍ നിന്നു പിന്മാറുന്നതെന്ന് സുന്ദര്‍ സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി.
സി സുന്ദര്‍ തന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: അപ്രതീക്ഷിതവും ഒഴിവാക്കാന്‍ തീരെ കഴിയാത്തതുമായ സാഹചര്യങ്ങളാലാണ് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്ന തലൈവര്‍ 173 എന്ന മഹത്തായ പദ്ധതിയില്‍ നിന്നു പിന്മാറാനുള്ള കഠിനമായ തീരുമാനം എടുക്കേണ്ടതായി വന്നത്. ജീവിതത്തില്‍ ചില സമയങ്ങളില്‍ നമുക്ക് നിശ്ചയിക്കപ്പെട്ട വഴിയാണ് പിന്തുടരേണ്ടത്. അതു നമ്മുടെ സ്വപ്നങ്ങളില്‍ നിന്നു വ്യത്യസ്തമായാലും. ഇതിഹാസ നായകന്മാരായ രജനീകാന്തും കമല്‍ഹാസനുമായുള്ള എന്റെ ബന്ധം ഏറെ പഴക്കമുള്ളതാണ്. അവരെ ഞാന്‍ എന്നും അത്യുന്നത ബഹുമാനത്തോടെയാണ് കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവരുമൊത്ത് പങ്കിട്ട അത്യന്തം മനോഹരമായ നിമിഷങ്ങള്‍ ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും. അവരുടെ പ്രചോദനവും ജ്ഞാനവും ഞാന്‍ മുന്നോട്ടുള്ള യാത്രയില്‍ തുടര്‍ന്നും തേടിക്കൊണ്ടിരിക്കും.
ഈ അവസരത്തില്‍ നിന്ന് ഞാന്‍ പിന്മാറുമ്പോഴും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നത് ഞാന്‍ തുടരുമെന്ന് ഉറപ്പു നല്കുന്നു. ഈ മഹത്തായ പദ്ധതിക്കായി എന്നെ പരിഗണിച്ചതിന് ഞാന്‍ ഇരുവരോടും ഹൃദയപൂര്‍വം നന്ദി പറയുന്നു. ഈ വാര്‍ത്ത നിങ്ങളില്‍ ചിലരെ നിരാശരാക്കുമെന്ന് എനിക്കറിയാം. ഈ സംരംഭം ഞാന്‍ നഷ്ടപ്പെടുത്തിയതിനു പരിഹാരമായി നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കുന്ന മികച്ച വിനോദം സമ്മാനിക്കാനുള്ള എന്റെ പ്രതിജ്ഞ തുടരുന്നതാണ്.

