മുംബൈ: ഡിജിറ്റല്‍ ഗോള്‍ഡിനു വിനയായി സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ മുന്നറിയിപ്പ്. ഡിജിറ്റല്‍ ഗോള്‍ഡിലുള്ള നിക്ഷേപങ്ങള്‍ സെബിയുടെ നിയന്ത്രണ പരിധിക്കു പുറത്താണെന്ന മുന്നറിയിപ്പാണ് ഇതു സംബന്ധിച്ച് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതോടെ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ മൂന്നിരട്ടിയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഗോള്‍ഡിനു പകരം സെബിയുടെ നിയന്ത്രണത്തിലുള്ള ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ട് എന്നിവയിലേക്കാണ് നിക്ഷേപകര്‍ ചുവടു മാറിയിരിക്കുന്നത്.
വിവിധ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളാണ് ഡിജിറ്റല്‍ ഗോള്‍ഡ് മാര്‍ക്കറ്റ് ചെയ്തിരുന്നത്. നിക്ഷേപകര്‍ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപിക്കുന്ന പണത്തിനു തുല്യമായ സ്വര്‍ണം വാങ്ങി ലോക്കറുകളില്‍ സൂക്ഷിക്കുമെന്നതാണ് ഈ നിക്ഷേപത്തിന്റെ സ്വഭാവം. എന്നാല്‍ ഇവയെ സെക്യുരിറ്റികളായോ കമ്മോഡിറ്റി ഡെറിവേറ്റിവുകളായോ തരംതിരിച്ചിരുന്നില്ല. അതിനാലാണ് സെബിയുടെ നിയന്ത്രണത്തില്‍ വരാതെ പോയത്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നതും ഇവയ്ക്ക് വിനയായി.

