തിരുവനന്തപുരം: കേരളത്തിലെ കാന്‍സര്‍ നിരക്കില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത് സെര്‍വിക്കല്‍ കാന്‍സറെന്ന് (ഗര്‍ഭാശയ ഗള കാന്‍സര്‍) സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്തെ 7.9 ശതമാനം സ്ത്രീകളിലും വിവിധ ഘട്ടത്തിലുള്ള ഗര്‍ഭാശയ ഗള കാന്‍സറുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്. അതായത് ഓരോ നൂറു സ്ത്രീകളിലും എട്ടോളം പേര്‍ക്ക് ഈ രോഗം. 2024 മുതല്‍ മുപ്പതിനായിരത്തോളം സ്ത്രീകളെ സാമ്പിളായി എടുത്ത് നടത്തിയ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.
സര്‍വേയോടു സഹകരിച്ചവരില്‍ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശേഷിക്കുന്നവരില്‍ 243 പേര്‍ക്ക് പ്രീ കാന്‍സര്‍ അവസ്ഥയാണുള്ളത്. ഇവര്‍ക്കുള്ള അടിയന്തര ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന രോഗകാരി മൂലമുണ്ടാകുന്ന ഈ അര്‍ബുദമാണ് സ്ത്രീകളെ മാത്രം ബാധിക്കുന്ന അര്‍ബുദങ്ങളില്‍ പ്രധാനം. എണ്ണത്തില്‍ ഇതിലധികം ഇപ്പോഴുള്ളത് സ്തനാര്‍ബുദവും തൈറോയ്ഡിന്റെ അര്‍ബുദവുമാണ്. എങ്കിലും മരണനിരക്കില്‍ സെര്‍വിക്കല്‍ കാന്‍സറാണ് മുന്നില്‍ നില്‍ക്കുന്നത്. വളരെ ചെറിയ പരിശോധന വഴിയായി നേരത്തെ തന്നെ ഈ രോഗം കണ്ടെത്താനാവും. വളരെ ഫലപ്രദമായ വാക്‌സിനേഷനും ഇപ്പോള്‍ ലഭ്യമാണ്. കൗമാര കാലത്താണ് വാക്‌സിനേഷന്‍ നല്‍കേണ്ടത്.

