പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് വിപുലമായ അന്വേഷണവും സാമ്പിള്‍ ശേഖരണവും നടത്തി. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണവും തെളിവെടുപ്പും നടത്തുന്നത്. ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയ ശേഷം അതില്‍ നിന്നുള്ള സാമ്പിളകള്‍ ശേഖരിക്കുന്ന ജോലി ആരംഭിച്ചു.
സ്വര്‍ണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും കണ്ടെത്തുക എന്നതാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം. 1998ല്‍ വിജയ് മല്യ ചാര്‍ത്തിയ സ്വര്‍ണപ്പാളിയും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പൂശിയ സ്വര്‍ണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതും ഈ അന്വേഷണത്തിന്റെ ഭാഗമാണ്. കേസിന്റെ മുന്നോട്ടുള്ള പോക്കിന് ഈ തെളിവ് കൂടിയേ തീരൂ. അതിനാല്‍ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സാമ്പിള്‍ ശേഖരണം നടക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കും.
ശ്രീകോവിലിന്റെ ദ്വാരപാലക ശില്‍പങ്ങളിലെ നിലവിലുള്ള പാളികള്‍ ഇളക്കിമാറ്റിയാണ് അതില്‍ നിന്നു സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഇതേ രീതിയില്‍ ശ്രീകോവിലിന്റെ കട്ടിളയില്‍ നിലവിലുള്ള പാളിയും ഇളക്കിമാറ്റി സാമ്പിള്‍ ശേഖരിക്കും. ശ്രീകോവിലിനോടു ചേര്‍ന്ന് അയ്യപ്പന്റെ ചരിത്രം ആലേഖനം ചെയ്ത സ്വര്‍ണപ്പാളിയില്‍ നിന്നുള്ള സാമ്പിളും ശേഖരിക്കുന്നതാണ്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നടയടച്ചശേഷം സോപാനത്തിനു മുന്നിലെ പരിശോധനകളിലേക്കു കടക്കാനാണ് സംഘത്തിന്റെ തീരുമാനം.

