കെഎഫ്‌സിയും മക്‌ഡൊണാള്‍ഡ്‌സും പീറ്റ്‌സ ഹട്ടുമൊക്കെ റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെത്തുന്നു, നടപടികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ അധികം വൈകാതെ കെഎഫ്‌സിയും മക്‌ഡൊണാള്‍ഡ്‌സുമൊക്കെ എത്തുന്നു. ഏറെക്കാലമായി ജനങ്ങള്‍ ആവശ്യപ്പെട്ടു പോന്ന ഇക്കാര്യം റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ ഗൗരവമായി കണക്കിലെടുത്തിരിക്കുകയാണ്. തിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രധാന നഗരങ്ങളില്‍ വരുന്ന 1200 സ്റ്റേഷനുകളിലായിരിക്കും ഇത്തരം ഭക്ഷണ ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി ലഭിക്കുക.

രാജ്യത്തു തന്നെ തിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ നിരവധി സ്റ്റേഷനുകളില്‍ ഇവ വരുമെന്ന കാര്യം ഏറക്കുറേ ഉറപ്പാണ്. ഏതൊക്കെ ബ്രാന്‍ഡുകള്‍ക്കായിരിക്കും അനുമതി ലഭിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ്, ബാസ്‌കിന്‍ റോബിന്‍സ്, പീറ്റ്‌സ ഹട്ട്, ബിക്കാനീര്‍ വാല തുടങ്ങിയവ കാണുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇവയ്ക്കായി പ്രത്യേകം സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചു കഴിഞ്ഞു.

നിലവില്‍ രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഭക്ഷണശാലകളെ മൂന്നു വിഭാഗമായി തിരിച്ചാണ് അനുമതി നല്‍കിയിരുന്നത്. ഇവയ്ക്കു പുറമെ നാലാമതൊരു വിഭാഗം കൂടി അനുവദിച്ചാണ് ബ്രാന്‍ഡഡ് ഭക്ഷണശാലകള്‍ക്ക് ഇടം അനുവദിക്കുന്നത്.