ന്യൂഡല്‍ഹി: എല്ലാ ആധുനിക ആയുധങ്ങളും ഒരുപോലെ സമാഹരിച്ചു പ്രവര്‍ത്തിക്കുന്ന രുദ്ര ബ്രിഗേഡിന്റെ പ്രവര്‍ത്തനം അതിര്‍ത്തി മേഖലകളിലാകെ വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഏത് അതിര്‍ത്തി പ്രദേശത്തും അതിവേഗം പ്രഹരശേഷി കൂടിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇതുവഴി സാധിക്കുമെന്നതാണ് മെച്ചം. കോള്‍ഡ് സ്ട്രൈക്ക് എന്നു പേരിട്ടിരിക്കുന്ന ഈ യുദ്ധതന്ത്രത്തിലേക്ക് ഇന്ത്യ ചുവടുമാറ്റുകയാണ്. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റവും ഒളിയാക്രമണവും വര്‍ധിച്ചു വരുന്നതിനെ മുളയിലേ നുള്ളാന്‍ ഇതുവഴി സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം ഇന്ത്യ പിന്തുടര്ന്നിരുന്നത് കോള്‍ഡ് സ്റ്റാര്‍ട്ട് എന്നു പേരിട്ടിരുന്ന പ്രതിരോധ സംവിധാനമായിരുന്നു. ഇതില്‍ വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനവും ആയുധമെത്തിക്കലും കൂടുതല്‍ സമയമെടുക്കുന്ന കാര്യമായതിനാലാണ് കോള്‍ഡ് സ്റ്റാര്‍ട്ടിനു പകരം കോള്‍ഡ് സ്ട്രൈക്ക് സംവിധാനം നടപ്പാക്കുന്നത്. ഇതില്‍ സദാ യുദ്ധസജ്ജമായി അതിര്‍ത്തികളെ സൂക്ഷിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. കര, നാവിക, വ്യോമ, സൈബര്‍സ്പേസ് ആക്രമണങ്ങളെ ഫലപ്രദമായി നേരിടാന്‍ കോള്‍ഡ് സ്റ്റാര്‍ട്ട് രീതിക്കു പരിമിതകളേറെയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഇതുവഴി സൈന്യത്തെ മൊത്തം ചെറിയ ഗ്രൂപ്പുകളായി സൂക്ഷിക്കുകയും ഏതൊരു ആക്രമണത്തിനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രത്യാക്രമണം നടത്താന്‍ അവസരമൊരുക്കുകയും ചെയ്യാനാവും. അന്താരാഷ്ട്ര ഇടപെടലുകള്‍ പോലും വരുന്നതിനു മുമ്പായി പ്രത്യാക്രമണം അതിരൂക്ഷമായി തന്നെ നടപ്പാക്കാനാവും.

