സിഡ്‌നി: അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകള്‍ തകര്‍ത്ത ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന വിപണിക്ക് തുണയായി ഓസ്‌ട്രേലിയ എത്തുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സമുദ്രോല്‍പ്പന്നമായ ചെമ്മീനിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഓസ്‌ട്രേലിയ ഭാഗകമായി പിന്‍വലിച്ചിരിക്കുകയാണ്. പൂര്‍ണ തോതിലുള്ള ഇറക്കുമതി ഉടന്‍ അനുവദിക്കുമെന്ന പ്രതീക്ഷയില്‍ ആന്ധ്രപ്രദേശിലെ ചെമ്മീന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ ഗുണമേന്മ പാലിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഉഷാറാക്കിയിട്ടുണ്ട്.
നീണ്ട് എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നു ചെമ്മീന്‍ ഇറക്കുമതി അനുവദിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്നു കൊണ്ടുവന്ന ചില ബാച്ച് ചെമ്മീനുകളില്‍ വൈറ്റ് സ്‌പോട്ട് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇറക്കുമതിയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. അമേരിക്ക താരിഫ് യുദ്ധം ആരംഭിച്ചതു മുതല്‍ ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി ഏജന്‍സികള്‍ ഇറക്കുമതി പുനരാരംഭിക്കുന്നതിന് ഓസ്‌ട്രേലിയയുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. അങ്ങനെയാണ് ആന്ധ്ര പ്രദേശില്‍ നിന്ന് തൊലി കളയാത്ത ചെമ്മീനിന്റെ ഒരു പൂര്‍ണ ബാച്ച് ഇറക്കുമതി ചെയ്യുന്നതിന് അനുമതി ലഭിക്കുന്നത്. കൂടുതല്‍ ഇറക്കുമതികള്‍ക്കുള്ള അനുമതിയും വൈകാതെ ലഭിക്കുന്ന പ്രതീക്ഷയാണ് സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖല പങ്കുവയ്ക്കുന്നത്.
ഇന്ത്യയിലെ ചെമ്മീന്‍ കയറ്റുമതിയുടെ എണ്‍പതു ശതമാനവും ആന്ധ്രയില്‍ നിന്നാണ്. ശേഷിക്കുന്നതില്‍ നല്ലൊരു പങ്കാണ് കേരളത്തില്‍ നിന്നുള്ളത്. കര്‍ശനമായ ഗുണമേന്മ പാലിച്ചുള്ള ഉല്‍പ്പന്നങ്ങളാണ നിലവില്‍ ആന്ധ്രയില്‍ നിന്നു കയറിപ്പോകുന്നത്. അതിനാല് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന സൂചനകളാണ് ഓസ്‌ട്രേലിയയില്‍ നി്ന്നു ലഭിക്കുന്നത്. യൂറോപ്യന്‍ യൂണിയനും ഇന്ത്യന്‍ ചെമ്മീനില്‍ താല്‍പര്യം വീണ്ടും അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും യൂറോപ്പില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ എത്തുന്നതോടെ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കയറ്റുമതി ലോബിക്കുള്ളത്.

